ഹരിപ്പാട്: വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ കൊല്ലം ചവറ സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. പരിയാരത്ത് പുത്തന്‍വീട്ടില്‍ കമറുദ്ദീന്റെ മകന് സജ്ജാദ് (25), തറയില്‍ പുത്തന്‍വീട്ടില്‍ അലിയാരുകുഞ്ഞിന്റെ മകന് അനീഷ് (26), കീപ്പള്ളില്‍ രാജേന്ദ്രന് പിള്ളയുടെ മകന് ശ്രീജിത്ത് (24) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പാണ്ടിയത്ത് തെക്കേതില്‍ ഹനീഫയുടെ മകന് ഹാരിസ് (28), ഇടയ്ക്കാട്ട് വീട്ടില്‍ രവീന്ദ്രന്റെ മകന് സുജിത്ത് (26) എന്നിവര്‍ രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വീയപുരം ഡിപ്പോക്ക് സമീപം അമ്പലക്കടവിലാണ് അപകടം. കുട്ടനാട് കാണാനെത്തിയശേഷം തിരിച്ചുപോകുംവഴിയാണ് ഇവര്‍ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. പതിവായി നാട്ടുകാര്‍ കുളിക്കുന്ന കടവാണിത്.
മൂന്നര മീറ്റർ കഴിഞ്ഞാല്‍ ആറ് മീറ്ററോളം ആഴമുള്ള കയമാണ്. കാല്‍വഴുതി കയത്തിലകപ്പെട്ടാണ് അപകടം. മരിച്ചവരില്‍ സജ്ജാദിനൊഴികെ രണ്ടുപേര്‍ക്ക് നീന്തലറിയില്ലായിരുന്നു. കരയില്‍ ഇരിക്കുകയായിരുന്ന ശ്രീജിത്ത് കൂട്ടുകാര്‍ അപകടത്തില്‍പെടുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണെന്ന് വീയപുരം പോലീസ് പറഞ്ഞു. രണ്ടുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ അഞ്ചരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കുംശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Post a Comment