Top News

എൻഡിഎയ്ക്ക് തിരിച്ചടി; പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് കോടതി

കൊച്ചി: എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി.[www.malabarflash.com]

പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 

പിറവത്തു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്‌ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. 

കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു. ഒപ്പിട്ടതിന്റെ ഒറിജിനല്‍ പകര്‍പ്പു നല്‍കണമെന്നാണു വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനയ്ക്കു മുന്‍പേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ശ്രദ്ധയില്‍പ്പെടുത്തി.

Post a Comment

Previous Post Next Post