NEWS UPDATE

6/recent/ticker-posts

‘കുറെ എംഎല്‍എമാര്‍ പാര്‍ലമെന്റില്‍ മത്സരിച്ചു കേന്ദ്രമന്ത്രിയാകാന്‍, ഇപ്പോള്‍ ശ്രമം കേരളത്തില്‍ മന്ത്രിയാകാന്‍’; ആ പൂതി മനസിലിരിക്കട്ടെയെന്ന് ഉണ്ണിത്താന്‍

കാസറകോട്:  കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണെന്നു എന്നാല്‍ അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.[www.malabarflash.com] 

പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ മന്ത്രിയാകാന്‍ ഇങ്ങോട്ട് വന്നെന്നും അവര്‍ ആ പൂതി മനസില്‍ വച്ചാല്‍ മതിയെന്നും ഉണ്ണിത്താന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

താന്‍ വടകരയില്‍ നിന്നാല്‍ എംപിയാകുമോ എന്ന് ചിലര്‍ ഭയന്നു. ജയിക്കില്ലെന്ന് വിചാരിച്ച് തന്നെയാണ് കാസര്‍ഗോഡ് തനിക്ക് തന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകൾ:  ”പി ജയരാജനെ തോല്‍പ്പിക്കാന്‍ വടകരയില്‍ പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനാണ്. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു വടകരയിലെ എംപി. അദ്ദേഹം കെപിസിസി അധ്യക്ഷനാണ്. ഞാന്‍ അദ്ദേഹത്തോട് ആലപ്പുഴ സീറ്റാണ് ചോദിച്ചത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, ഞാന്‍ മത്സരിക്കുന്നില്ല, വടകര സീറ്റ് ഉണ്ണിത്താന് തരാമെന്നാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് കൊടുത്ത അഭിമുഖത്തിലും അദ്ദേഹം പറഞ്ഞു, ഞാന്‍ വടകര സ്ഥാനാര്‍ത്ഥിയെന്ന്. 

അങ്ങനെ ഞാന്‍ വടകരയില്‍ എത്തിയപ്പോള്‍ എന്നെ ഓടിച്ചു. വിദ്യാബാലനെ കൊണ്ടുവന്നു, പിന്നെ പ്രവീണിനെ കൊണ്ടുവന്നു. ആ മണ്ഡലത്തിന്റെ സാമുദായിക സമവാക്യം തകരാതിരിക്കണമെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരരുതെന്ന് പറഞ്ഞു. അവസാനം സാമുദായിക സമവാക്യം പാലിച്ചോ. ആരാ മത്സരിച്ചത്, ആരാ ജയിച്ചത്. ഞാന്‍ അതൊന്നും തുറന്നു പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയാം. എന്നെ ആരാണ് വടകരയില്‍ നിന്ന് ഓടിച്ചതെന്ന് നാട്ടുകാരോട് പറയാനുള്ള ചങ്കൂറ്റവും ധൈര്യവും എനിക്കുണ്ട്.”

”എന്തിന്റെ പേരില്‍ ഉണ്ണിത്താന്‍ അവിടെ മത്സരിക്കരുത്. അവസാനം എനിക്ക് പകരം പല ആളുകളെയും കൊണ്ടുവന്നു. അവരെയെല്ലാം നാട്ടുകാര്‍ ഓടിച്ചു. പിന്നെയാണ് മുരളീയെ കൊണ്ടുവന്നതും മത്സരിച്ചതും ജയിച്ചതും. 

ഞങ്ങളൊക്കെ നല്ല ആണത്തമുള്ളവരാണ്. ധൈര്യവും ചങ്കൂറ്റവുമുള്ളവരാണ്. ഞാന്‍ വടകരയില്‍ നിന്നാല്‍ എംപിയാകുമോ എന്ന് ചിലര്‍ ഭയന്നു. അങ്ങനെ 35 കൊല്ലം ജയിക്കാത്ത സ്ഥലം കൊടുക്കാമെന്ന് കരുതി, അങ്ങനെയാണ് ഇവിടെ എത്തിയത്. ജയിക്കില്ലെന്ന് വിചാരിച്ച് തന്നെയാണ് കാസറകോട് തന്നത്. 

എന്തിന്റെ പേരിലായാലും എനിക്ക് ഇവിടെ സീറ്റ് തന്ന ഒരു നേതാവ് എന്റെ മനസിലുണ്ട്. അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു. ഇവിടെയൊരു സീറ്റ് തന്നത് കൊണ്ടാണല്ലോ ഞാന്‍ ജയിച്ചത്. കൊല്ലാന്‍ ആണെങ്കിലും എനിക്ക് ഇവിടെ തന്നല്ലോ. 

പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണ്. അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ല. അപ്പം പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ ഇങ്ങോട്ട് വന്നു. ഇവിടെ മത്സരിച്ച് മന്ത്രിയാകാന്‍. ആ പൂതി മനസില്‍ വച്ചാല്‍ മതി. പുതിയ ആളുകള്‍ വരട്ടെ. ജയിച്ച് മന്ത്രിയാകട്ടെ. കേരളം ഭരിക്കട്ടെ.”

നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും അദ്ദേഹം. രാഷ്ട്രീയപ്രതിയോഗികള്‍ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്ത മുരളീ ഹീറോ തന്നെയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷവിമര്‍ശനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. കെ സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്ന് പിസി ചാക്കോ പറഞ്ഞെന്നും അങ്ങനെ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് വില നല്‍കേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

”പിസി ചാക്കോ പരസ്യമായാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണം സുധാകരന്‍. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ ചാക്കോ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിടാന്‍ അദ്ദേഹം തീരുമാനം എടുത്തത് കൊണ്ടാണ്, കോണ്‍ഗ്രസിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ വിശ്വസിക്കേണ്ടിവരും.”-ഉണ്ണിത്താന്‍ പറഞ്ഞു.

സുധാകരന്‍ വര്‍ക്കിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിംഗ് പ്രസിന്റായി അംഗീകരിക്കുമെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരന്‍. കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ല. വര്‍ക്കിംഗ് പ്രസിഡന്റിനെ വയ്ക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Post a Comment

0 Comments