Top News

മൂന്നു മാസം മുമ്പ് സംസ്കാരം കഴിഞ്ഞ 'പരേതൻ' തിരിച്ചെത്തി, മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലായി

പന്തളം: കുടശനാട് പൂഴിക്കാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ ' നിര്യാതനായ' സാബു (സക്കായി-35) വെള്ളിയാഴ്ച തിരിച്ചെത്തി. കഴിഞ്ഞ ഡിസംബർ 30ന് കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന സാബുവിന്റെ 'സംസ്കാര ചടങ്ങിൽ' പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും സാബുവിന്റെ വരവിൽ പകച്ചുനിൽക്കുകയാണ്.[www.malabarflash.com]

മോഷണ കേസിൽ സാബുവിനെ വെള്ളിയാഴ്ചത്തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസുകളിൽ പ്രതിയായ സാബു വീടുമായി അടുപ്പം പുലർത്തിയിരുന്നില്ല.

ഡിസംബർ 25ന് പുലർച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചിരുന്നു. സാബുവിനെക്കുറിച്ച് ഏറെനാളായി വിവരമില്ലാതിരുന്ന വീട്ടുകാർക്ക് മരിച്ച യുവാവിന്റെ ഫോട്ടോ പത്രത്തിൽ കണ്ട് സംശയം തോന്നി. പാലായിലെത്തി മാതാവ് അമ്മിണിയും ബന്ധുക്കളും മൃതദേഹം 'തിരിച്ചറിഞ്ഞു'.

മൃതദേഹം സാബുവിന്റേതല്ലെന്ന് ഭാര്യ സംശയം പ്രകടിപ്പിച്ചെങ്കിലും മറ്റുള്ളവർ ഉറപ്പു പറയുകയായിരുന്നു.പോലീസ് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് സാബു വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ടത്.

രാവിലെ 8ന് സുഹൃത്തായ ബസ് ഡ്രൈവർ മുരളീധരൻ നായരെ കാണാൻ കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. മുരളീധരൻ നായർ പറഞ്ഞപ്പോഴാണ് തന്റെ 'മരണവിവരം' അറിയുന്നത്. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിൽ ജോലിയാണെന്നും ഫോൺ കേടായതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സാബു പറഞ്ഞു. 

സാബുവിനെ കണ്ടെത്തിയ വിവരം മുരളീധരൻ നായർ വാട്സ് ആപ്പിൽ ഇട്ടതോടെയാണ് നാട്ടിലറിഞ്ഞത്. ബന്ധുക്കൾ പന്തളം പോലീസുമായി ബന്ധപ്പെട്ടു. മൂന്നുമണിയോടെ സുഹൃത്തുക്കൾ സാബുവിനെ കായംകുളത്ത് നിന്ന് പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് 46,000 രൂപ മോഷ്ടിച്ചു കടന്നതാണെന്നും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്തുനിന്നെത്തിയ പോലീസിന് കൈമാറി.

അതേ സമയം ഡിസംബർ 25ന് പാലായിൽ നടന്ന അപകടത്തിലെ മരണ വാർത്ത കണ്ട് ജാർഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തിൽ അവിടെനിന്ന് ചിലർ അന്ന് അന്വേഷിച്ചിരുന്നതായി അടൂർ ഡിവൈ.എസ്.പി ബി. വിനോദും പന്തളം സി.ഐ.എസ്.ശ്രീകുമാറും പറഞ്ഞു. ഡി.എൻ.എ പരിശോധനയ്ക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടരന്വേഷണം നടത്തും.

Post a Comment

Previous Post Next Post