NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തില്‍ 'ഭരണി കുറിച്ചു'; ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിച്ചു

ഉദുമ:  പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ നടന്നു. തുടര്‍ന്ന് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ 'ഭരണികുഞ്ഞാ'യി വി.ബി വൈഗയെന്ന ബാലികയെ അരിയും പ്രസാദവുമിട്ട് അനുഗ്രഹിക്കുന്ന ചടങ്ങ് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ നടന്നു.[www.malabarflash.com] 

ക്ഷേത്രത്തില്‍ സന്നിഹിതരായ സ്ഥാനികരും മൂന്ന് തറകളെ പ്രതിനിധീകരിച്ച് ഭരണ സമിതി പ്രസിഡന്റും ചടങ്ങില്‍ ഭാഗഭാക്കായി. ഭരണികുഞ്ഞിന്റെ കുടുംബാംഗങ്ങളും ഭാരവാഹികളും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. 


ബുധനാഴ്ച്ച രാത്രിയാണ് ഭരണി ഉത്സവത്തിന് കോടിയേറുന്നത്. അതിന് മുന്നോടിയായി വൈകുന്നേരം ക്ഷേത്ര കര്‍മികളും വാല്യക്കാരും ചേര്‍ന്ന് ക്ഷേത്രത്തില്‍ ആനപ്പന്തല്‍ കയറ്റും. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് അനുബന്ധ കര്‍മങ്ങളും പൂര്‍ത്തിയാക്കി രാത്രി 9 ന് ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികര്‍മങ്ങളും കലശാട്ടും, കൊടിയില വെക്കലും കഴിഞ്ഞ് കെട്ടിചുറ്റി തിടമ്പുകളും തിരുവായുധങ്ങളുമായി ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്ത്രണ്ട് മണിക്കകം അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കോടിയേറ്റും. 

തൃക്കണ്ണാട് ക്ഷേത്രത്തില്‍ കൊടിയിറക്കത്തിന് ശേഷം അവിടെ നിന്ന് പ്രതീകാത്മകമായി കമ്പയും കയറും ഏറ്റുവാങ്ങിയാണ് പാലക്കുന്നില്‍ കൊടിയേറ്റം നടത്തുന്നത്. 

ക്ഷേത്രത്തിലെത്തുന്നവര്‍ കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments