NEWS UPDATE

6/recent/ticker-posts

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട്പിരിവ് നിയന്ത്രിക്കണം: ഐ എന്‍ എല്‍

കോഴിക്കോട്:  ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

കത്വ ഫണ്ട് അടക്കം മുസ്ലിം ലീഗും പോഷക ഘടകങ്ങളും പിരിക്കുന്ന ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി വെട്ടിപ്പിനും അഴിമതിക്കും നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഗുജറാത്ത്, ഭഗല്‍പൂര്‍, സുനാമി, പ്രളയം, കത്വ– ഉന്നാവോ എന്നിവയുടെ പേരില്‍ നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നുമായി സംഭരിച്ച അനേകം കോടികളുടെ ഫണ്ട് ലീഗ് നേതൃത്വം വീതം വെച്ചെടുത്തിയിരിക്കയാണ്. ഇവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. 

സമുദായ ചൂഷണത്തിന് ആരാധനാലയങ്ങള്‍ മറയാക്കുന്ന ശൈലി ഇനിയും തുടരാന്‍ അനുവദിച്ചുകൂടായെന്നും എറണാകുളത്ത് ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഉണര്‍ത്തി. 

സഊദിയിലേക്ക് പുറപ്പെട്ട് യു എ ഇയില്‍ കുടുങ്ങിയ അനേകം മലയാളികളെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. 

മാര്‍ച്ച് രണ്ടിനു തിരുവന്തപുരത്ത് ‘സേവ ഇന്ത്യ’ റാലിയുടെ ഫ്ളാഗ് ഓഫ് നടക്കും. പാര്‍ട്ടി അംഗത്വ കാമ്പയിന് ചടങ്ങില്‍ തുടക്കം കുറിക്കും. ഫെബ്രുവരി 13ന് തുടങ്ങുന്ന എല്‍ ഡി എഫ് ‘വികസന മുന്നേറ്റ യാത്ര’ വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര വര്‍ഗീയ–വിഭാഗീയ വിഷം വമിച്ചാണ് കടന്നുപോകുന്നതെന്നും ഇതുപോലെ ആശയപര പാപ്പരത്തം നേരിടുന്ന ഒരു പ്രതിപക്ഷ നിരയെ കേരളം കണ്ടിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 

പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജന.സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ബി ഹംസ ഹാജി, എം എം സുലൈമാന്‍, എച്ച് മുഹമ്മദലി, സാദാത്ത് ചാരുമൂട്, സി എച്ച് ഹമീദ് മാസ്റ്റര്‍, എ പി മുസ്തഫ, എന്‍ കെ അബ്ദുല്‍ അസീസ്, എം ടി ഇബ്രാഹീം, എ എല്‍ എം കാസിം, മുഹമ്മദ് റിയാദ്, അഷ്‌റഫലി പാലക്കാട്, ജിയാഷ് കരീം, ബുഹാരി മന്നാനി, കെ എം എ ജലീല്‍, അഡ്വ. ഒ കെ തങ്ങള്‍, സമദ് മലപ്പുറം, എന്‍ കെ നജീബ്, റഫീഖ് പട്ടരുപറമ്പില്‍, ഷര്‍മദ് ഖാന്‍, ടി എം ഇസ്മാഈല്‍, സുധീര്‍കോയ, പി അബ്ദുല്‍ അസീസ്, ബിജു മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും എം എ ലത്തീഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments