Top News

കൊക്കെയിൻ പിടികൂടിയ സംഭവത്തിൽ മ‌റ്റൊരു ബിജെപി നേതാവ് കൂടി അറസ്‌റ്റിൽ

കൊൽക്കത്ത: കാറിൽ കൊക്കെയിനുമായി യുവമോർച്ച നേതാവിനെ അറസ്‌റ്റ് ചെയ്‌ത കേസിൽ പശ്‌ചിമ ബംഗാളിൽ മ‌റ്റൊരു ബിജെപി നേതാവ് കൂടി പിടിയിലായി. ബിജെപി ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ കൈലാഷ് വിജയ്‌വർഗീയയുടെ അടുത്ത അനുയായിയും സംസ്ഥാന കമ്മി‌റ്റി അംഗവുമായ രാകേഷ് സിംഗാണ് അറസ്‌റ്റിലായത്.[www.malabarflash.com]

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് യുമോർച്ച നേതാവ് പമേല ഗോസ്വാമിയും മ‌റ്റൊരു ബിജെപി പ്രവർത്തകനും മയക്കുമരുന്നുമായി അറസ്‌റ്റിലായത്.

എന്നാൽ താൻ ചതിക്കപ്പെട്ടതാണെന്നും സംഭവത്തിന് കാരണം രാകേഷ് സിംഗാണെന്ന് പമേല അന്ന് അറസ്‌റ്റിനിടെ പറഞ്ഞിരുന്നു. തുടർന്ന് കേസിൽ അന്വേഷണം തനിക്ക്നേരെ വരാനിടയുള‌ളതറിഞ്ഞ് സംസ്ഥാനം വിടാനൊരുങ്ങുന്നതിനിടെയാണ് ബംഗാൾ ഡി‌റ്റ‌ക്‌ടീവ് വകുപ്പ് രാകേഷ് സിംഗിനെ പിടികൂടിയത്. കിഴക്കൻ ബർദ്ധമാൻ ജില്ലയിലെ ഗൽസി പോലീസ് സ്‌റ്റേഷനിലാണ് രാകേഷ് സിംഗ് ഇപ്പോൾ.

രാകേഷ് സിംഗിനെ അറസ്‌റ്റ് ചെയ്യാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയെങ്കിലും ഇയാളുടെ മക്കൾ പോലീസിനെ തടഞ്ഞു. തുടർന്ന് നടന്ന സംഘ‌ർഷത്തിൽ രാകേഷ് സിംഗിനൊപ്പം രണ്ട് മക്കളായ സുവം സിംഗ്(25), സാഹേബ് സിംഗ്(21) എന്നിവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാൽ വാറണ്ട് പോലുമില്ലാതെയാണ് പോലീസ് അതിക്രമം കാട്ടിയതെന്നും ഇതിനെതിരെ ശക്തമായി പൊരുതുമെന്നും രാകേഷ് സിംഗിന്റെ മകൾ അറിയിച്ചു. ഇരുനൂറോളം പോലീസുകാരാണ് രാകേഷിനെ അറസ്‌റ്റ് ചെയ്യാനെത്തിയത്.

എന്നാൽ പോലീസിന് മുന്നിൽ ഹാജരാകാത്തതിനാലാണ് രാകേഷ് സിംഗിനെ ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തതെന്നാണ് ബംഗാൾ പോലീസിന്റെ വാദം. ഇതിനിടെ പമേല ഗോസ്വാമി സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ കേസിൽ പോലീസിൽ പരാതി നൽകിയിരുന്നതായി രാകേഷ് സിംഗ് മുൻപ് ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post