NEWS UPDATE

6/recent/ticker-posts

ഒന്നാം വയസില്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ നിന്ന് പുറത്തെടുത്തത് 70-ാം വയസില്‍

പത്തനംതിട്ട:  ഒന്നാം വയസില്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ നിന്ന് പുറത്തെടുത്തത് 70-ാം വയസില്‍. ഓര്‍മയില്ലാത്ത പ്രായത്തില്‍ വിഴുങ്ങിയ മോതിരം ‘തലവേദന’യായി മാറിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശ്വാസ നാളത്തില്‍ കുടുങ്ങിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വായിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു.[www.malabarflash.com]


വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്റെ ശ്വാസനാളത്തില്‍ നിന്നാണ് മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ മോതിരം പുറത്തെടുത്തത്. വിട്ടുമാറാത്ത തലവേദനയുമായി മുത്തൂറ്റ് ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയതായിരുന്നു രഘുഗോപാല്‍. പുറമേ നടത്തിയ പരിശോധനകളില്‍ കുഴപ്പമൊന്നും കാണാതെ വന്നപ്പോള്‍ ന്യൂറോളജിസ്റ്റ് ജിബു കെ ജോണ്‍ എം ആര്‍ ഐ സ്‌കാനിങിന് നിര്‍ദേശിച്ചു. പരിശോധനയില്‍ തലച്ചോറിനൊന്നും കുഴപ്പം കണ്ടില്ല. എന്നാല്‍, ശ്വാസനാളത്തിന് പിന്നിലായി ഒരു ലോഹ വസ്തു തങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അറിയാതെ എപ്പോഴെങ്കിലും ഒരു ലോഹ വസ്തു ഉള്ളില്‍ ചെന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ രഘുവിനോട് ചോദിച്ചു. തന്റെ ഓര്‍മയില്‍ അങ്ങനെ ഒന്നു നടന്നിട്ടില്ല എന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, പിന്നീട് തനിക്ക് ഓര്‍മയില്ലാത്ത കാലത്ത് താന്‍ കാട്ടിക്കൂട്ടിയ ഒരു വികൃതി മാതാപിതാക്കാള്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് ഓര്‍മ വന്നു. ഒരു വയസുള്ളപ്പോള്‍ വീട്ടിലുള്ള ആഭരണങ്ങള്‍ കഴുകി വയ്ക്കുകയായിരുന്നു. അവര്‍ക്കൊപ്പം കൊച്ചു രഘുവും കൂടി. കൂട്ടത്തില്‍ ഒരു മോതിരം കുഞ്ഞ് കൈവിരലില്‍ ഇടുകയും പിന്നീട് അറിയാതെ വിഴുങ്ങുകയും ചെയ്തു.

മാതാപിതാക്കളുടെ ശ്രദ്ധയില്‍ ഇതു വരികയും അവര്‍ പ്രാഥമിക ശുശ്രൂഷ നടത്തുകയും ചെയ്തു. ചോറ് ഉരുളയാക്കിയും പഴം മുറിച്ചും വിഴുങ്ങിച്ചു. കുഞ്ഞിന് അസ്വസ്ഥത ഒന്നും അനുഭവപ്പെടാത്തതിനാല്‍ മാതാപിതാക്കള്‍ വിഷയം വിട്ടു. മലത്തിലൂടെ മോതിരം പുറത്തേക്ക് പോയെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. വിഴുങ്ങിയ മോതിരം പുറത്തെടുക്കാന്‍ പിതാവ് അണ്ണാക്കിലേക്ക് കൈ കടത്തി തെരച്ചില്‍ നടത്തിയിരുന്നു. ഇതാകാം മോതിരം അണ്ണാക്കില്‍ കുടുങ്ങാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോ. ജിബു, ഇ എന്‍ ടി സ്‌പെഷലിസ്റ്റ് ഡോ. ഫ്രെനിയുടെ സഹായത്തോടെ ഏറെ ശ്രമകരമായി മോതിരം പുറത്തെടുക്കുകയായിരുന്നു.

എന്തെങ്കിലും ഒരു അന്യവസ്തു മൂക്കില്‍ കുടുങ്ങിയാല്‍ അതിന്റെ അസ്വസ്ഥത ആ രോഗിക്ക് ഉണ്ടാകേണ്ടതാണെന്ന് ഡോ. ഫ്രെനി പറഞ്ഞു. മൂക്കില്‍ നിന്ന് വെള്ളമെടുക്കുകയോ പഴുപ്പുണ്ടാവുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ലെന്നത് അതിശയമാണ്. 

ഇങ്ങനെ ഒരു ലക്ഷണവും ഇല്ലാതെ വന്നപ്പോള്‍ ഇത് എന്താണെന്ന് അറിയാനുള്ള ഒരു ആകാംക്ഷ ഡോക്ടര്‍മാര്‍ക്കുമുണ്ടായി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി ചെയ്തു. എന്‍ഡോസ്‌കോപ്പിയില്‍ എന്തോ ഒരു വൃത്താകൃതിയിലുള്ള വസ്തു ശ്വാസനാളത്തിലുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഇത് സാധാരണ കാണപ്പെടുന്ന സ്ഥലത്തല്ല മേലണ്ണാക്കിന്റെ വലതു ഭാഗത്തായിട്ടാണ് കണ്ടത്. മൂക്കിനുള്ളിലൂടെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ലോഹവസ്തു വലുതായതിനാല്‍ അതിന് കഴിഞ്ഞില്ല.

ഒരു വശത്തേക്ക് മാറി, മരത്തില്‍ വള്ളി ചുറ്റിയിരിക്കുന്നതു പോലെ മാംസത്തില്‍ ഉറച്ചായിരുന്നു മോതിരം ഇരുന്നത്. ഒന്നാം വയസില്‍ തൊണ്ടയില്‍ മോതിരം കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ അത് ആ ഭാഗത്ത് കുടുങ്ങുകയും അവിടെ സ്ഥിരമായി ഇരിക്കുകയും ചെയ്തത് ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 

കാലക്രമേണെ അതിന് മുകളില്‍ മാംസം വന്ന് നിറഞ്ഞതുമാകാം. മൂക്കില്‍ അന്യ വസ്തു ഇരിക്കുന്നതിന്റെ അസ്വസ്ഥതയൊന്നും രഘുവിനുണ്ടാകാതിരുന്നതും ഇതു മൂലമാകാമെന്ന് ഡോ. ഫ്രെനി പറഞ്ഞു. 

മെറ്റല്‍ കട്ടര്‍ വായിലൂടെ കടത്തി മോതിരം മുറിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു. ഇത് ഒരു അപൂര്‍വ സംഭവം തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Post a Comment

0 Comments