Top News

‘ഇനി ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ അനുമതി വേണം; ആരാധനാലയ സന്ദര്‍ശനങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് മാര്‍ഗനിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.[www.malabarflash.com]


കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 

ഉത്സവങ്ങള്‍, പൊതുപരിപാടികള്‍, ഇവയുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ എന്നിവയുടെ സമയം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ഉള്ളിടങ്ങളിലെ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കു. 60 വയസ് കഴിഞ്ഞവര്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കരുത്.

പുരോഹിതര്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഉത്സവ പറമ്പുകളിലും ആരാധനാലയങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കരുത്. ആചാരങ്ങളുടെ ഭാഗമായി ഒഴിവാക്കാനാകാത്ത സമൂഹസദ്യ ഉണ്ടെങ്കില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. വിഗ്രഹത്തില്‍ തൊട്ടുള്ള ആരാധന അനുവദിക്കരുത്.

ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷനുകള്‍, മേളകള്‍, കണ്‍സേര്‍ട്ടുകള്‍ എന്നിവയില്‍ പ്രവേശനം നിയന്ത്രിതമായ തോതില്‍ ആകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

വരും ദിനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഉത്സവങ്ങള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം സൃഷ്ടിക്കപ്പെടാവുന്ന ഇളവുകളിലേക്ക് സംസ്ഥാനം നീങ്ങുന്നത്.

Post a Comment

Previous Post Next Post