NEWS UPDATE

6/recent/ticker-posts

ബാറ്റിങ് കൊടുങ്കാറ്റായി കാസറകോടിന്റെ സ്വന്തം അസ്ഹറുദ്ദീന്‍, മുബൈയ്‌ക്കെതിരെ കൂറ്റന്‍ വിജയവുമായി കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്.[www.malabarflash.com]


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസ്. മറുപടി ബാറ്റിങ്ങിൽ 25 പന്തു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി.

തുടർച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ഡൽഹി ഉയർന്ന റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഒന്നാമതു നിൽക്കുന്നു. മുംബൈ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു. അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു.

20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്. സഹ ഓപ്പണർ റോബിൻ ഉത്തപ്പ 23 പന്തിൽ നാലു ഫോറുകൾ സഹിതം 33 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ 12 പന്തിൽ നാലു ഫോറുകൾ സഹിതം 21 റൺസെടുത്ത് വിജയത്തിനരികെ പുറത്തായി.

സച്ചിൻ ബേബി ഏഴു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
ഈ സീസണിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അതേസമയം, മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

ആദ്യ മത്സരത്തിൽ ഡൽഹിയോടും മുംബൈ തോറ്റിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടുള്ള ധവാൽ കുൽക്കർണി, ശിവം ദുബെ, ഐപിഎൽ താരങ്ങളായ തുഷാർ ദേശ്പാണ്ഡെ, അഥർവ അങ്കൊലേക്കർ തുടങ്ങിയവർ ഉൾപ്പെടുന്ന ബോളിങ് നിരയെയാണ് കേരള താരങ്ങൾ ഇന്ന് തകർത്തു കളഞ്ഞത്.

ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അസ്ഹറുദ്ദീൻ കേരളത്തിന്റെ തിരിച്ചടിക്ക് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് വെറും 57 പന്തിൽ അടിച്ചുകൂട്ടിയത് 129 റൺസാണ് ഉത്തപ്പയെ മുലാനി വീഴ്ത്തിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം രണ്ടാം വിക്കറ്റിൽ വെറും 27 പന്തിൽനിന്ന് 61 റൺസും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. സഞ്ജു വിജയത്തിനരികെ പുറത്തായെങ്കിലും സച്ചിൻ ബേബിയെ സാക്ഷിനിർത്തി അസ്ഹറുദ്ദീൻ ടീമിനെ വിജയത്തിലെത്തിച്ചു.

Post a Comment

0 Comments