ഡിസംബര് നാലിനാണ് ബാബു-ശാരദ ദമ്പതികളുടെ മകന്‍ സ്വാതികിനെ വീടിന് മൂന്നൂറുമീറ്റര്‍ അകലെയുള്ള പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിതൊഴിലാളിയായ ബാബു രാവിലെ ജോലിക്ക് പോയിരുന്നു. 10 മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന വിവരമറിഞ്ഞ് ബാബു ജോലി നിര്‍ത്തി വീട്ടിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് ബാബുവും കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പൊതുകിണറില്‍ സ്വാതികിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ ശാരദയുടെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. സംഭവത്തിന് ശേഷം ശാരദ കര്‍ണാടക പുത്തൂരില്‍ അമ്മയുടെ വീട്ടിലായിരുന്നു താമസം. സംശയം തോന്നി പോലീസ് വിശദമായ അന്വേഷണം നടത്തുകയും ശാരദയെ ചോദ്യം ചെയ്യലിന് വിധേയയാക്കുകയും ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
താന്‍ കുഞ്ഞിനെ കിണറ്റിലെറിയുകയായിരുന്നുവെന്ന് ശാരദ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ശാരദക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആദ്യം അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരുന്നത്. ശാരദ മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
0 Comments