Top News

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് കേന്ദ്രസംഘം എത്തുന്നത്.[www.malabarflash.com]

നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 5000ത്തോളം പുതിയ കേസുകളാണ് ഓരോദിവസവും കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബുധനാഴ്ച 6394 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളില്‍ 26 ശതമാനവും കേരളത്തിലാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കില്‍ സംസ്ഥാനത്ത് ഇത് പത്ത് ശതമാനമാണെന്നും ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ് ഇതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. അതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് പ്രത്യേക സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനായി നിയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഓണ്‍ലൈനായി നടത്തുന്ന യോഗം.

രാജ്യത്തെ എല്ലാ ജില്ലകളിലും ജനുവരി എട്ടിന് കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഡ്രൈറണ്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് അനുമതി നല്‍കിയത്. കോവാക്‌സിന്‍, കോവിഡ്ഷീല്‍ഡ് എന്നിവയാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.

Post a Comment

Previous Post Next Post