NEWS UPDATE

6/recent/ticker-posts

അജ്ഞാത രോഗത്തില്‍ ഞെട്ടി ആന്ധ്ര, കാരണം അവ്യക്തം; രോഗബാധിതര്‍ 350 കടന്നു

അമരാവതി: ആന്ധ്രപ്രദേശിലെ ഏലൂരില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ എണ്ണം 350 കടന്നു. ഇതുവരെ മരണം രണ്ടായിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ളത്തിന് പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായതോടെ സംഭവത്തില്‍ നിഗൂഢത വർദ്ധിക്കുകയാണ്.[www.malabarflash.com]


ശനിയാഴ്ച മുതലാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ആളുകൾ പെട്ടെന്ന് തളർന്നു വീഴാന്‍ തുടങ്ങിയത്. പലർക്കും കടുത്ത തലവേദനയും തളർച്ചയും ഛർദ്ദിയുമുണ്ടായി. ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 46 കുട്ടികളും 76 സ്ത്രീകളുമുണ്ട്.

വിജയവാഡയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ പുരോഗമിക്കുന്നത്. രോഗത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതർക്കായിട്ടില്ല. പ്രദേശത്തെ കുടിവെളളത്തില്‍ മാലിന്യം കലർന്നതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി കൃഷ്ണ ശ്രീനിവാസ പറഞ്ഞു. ചികിത്സ തേടിയവരുടെ സെല്‍ സെന്‍സിറ്റിവിറ്റി പരിശോധനയും സെറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് പരിശോധനയും തുടങ്ങിയിട്ടുണ്ട്.

ഈ പരിശോധനയില്‍ രോഗ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. എല്ലാവരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ നൂറ്റമ്പതോളം പേർ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു. 

പ്രത്യേക മെഡിക്കല്‍ സംഘം ഏലൂരിലെത്തി. പിന്നീട് ദില്ലി എയിംസ് അധികൃതരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയും ഇന്ന് പ്രദേശത്തെത്തി രോഗികളെ കണ്ടു.

Post a Comment

0 Comments