NEWS UPDATE

6/recent/ticker-posts

മൈസൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ മോചനദ്രവ്യം തട്ടി; മലയാളി സംഘം പിടിയിൽ

വടകര: മൈസൂരുവിൽ വില്യാപ്പള്ളി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 50,000 രൂപ തട്ടിയ കേസിൽ മലയാളികളായ 3 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

കർണാടക ഹാസനിലെ അഞ്ചുമാൻ ബാഗാഡിയയിലെ താമസക്കാരായ പാലക്കാട് മണ്ണാർക്കാട് പാലക്കയം ഇലഞ്ഞിക്കൽ മുഹമ്മദ് സമീർ (40), കണ്ണൂർ കീഴ്മാടം പുല്ലൂക്കര ആലയാട്ട് അഷ്റഫ് (34), വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ തളിപ്പറമ്പ് കപ്പം പുതിയപുരയിൽ തുണ്ടക്കാച്ചി ഉനൈസ് (33) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വില്യാപ്പള്ളി ചാത്തോത്ത് താഴക്കുനി സുധീഷിനെയാണ് മൈസൂരു ബസ് സ്റ്റാൻഡിൽനിന്നു തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ ഒളിപ്പിച്ച് തുക തട്ടിയത്. ഒക്ടോബർ 24നു രാത്രി പതിനൊന്നോടെയാണു സംഭവം. മൈസൂരുവിലെ ആശുപത്രിയിലേക്കു പോകുന്നതിനായി ബസ് സ്റ്റാൻഡിൽ എത്തിയ സുധീഷിനെ സമീപിച്ച 3 അംഗ സംഘം ലോഡ്ജിൽ മുറി ശരിയാക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

എന്നാൽ യുവാവിന്റെ കൈവശം പണം ഇല്ലെന്നു മനസ്സിലാക്കിയ സംഘം സഹോദരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. മോചനദ്രവ്യമായി 50,000 രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് സഹോദരൻ പണം അയച്ചതോടെ സുധീഷിനെ വിട്ടയച്ചു. തുടർന്ന് സഹോദരൻ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു.

Post a Comment

0 Comments