NEWS UPDATE

6/recent/ticker-posts

ഫോണില്‍ അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും വിളിച്ചുവരുത്തി അടിച്ചു കൊന്നു

കോയമ്പത്തൂര്‍: ഫോൺ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തി. രത്‌നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ കാരമടെ പോലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.

പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്പരില്‍നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്.

ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Post a Comment

0 Comments