Top News

താജ്‌മഹലിനുള്ളില്‍ കാവിക്കൊടിയുമായെത്തി ഹിന്ദുത്വ സംഘടനയുടെ പ്രാര്‍ഥന


ആഗ്ര: ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ താജ്മഹലിനുള്ളില്‍ കാവിക്കൊടിയുമായെത്തി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. വിജയദശമി ദിനത്തിലാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര പ്രസിഡന്റ് ഗൌരവ് താക്കൂറിന്റെ നേതൃത്വത്തില്‍ നാല് പേര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കൊടി പറത്തിയ ശേഷം പ്രാര്‍ഥന നടത്തിയത്.[www.malabarflash.com]

താജ് കോമ്പൗണ്ടിനുള്ളിലേക്ക് ഒരു പേന പോലും കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. സി ഐ എസ് എഫിന്റെ സുരക്ഷാ പാളിച്ച മുതലാക്കിയാണ് ഹിന്ദുത്വ ഭീകരരുടെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്.

താജ്മഹല്‍ ശരിക്കും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന് ഗൌരവ് താക്കൂര്‍ അവകാശപ്പെട്ടു. ഇതിനകം അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി താന്‍ ശിവ ഭഗവാനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഈ സ്മാരകം കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൌരവ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാവിക്കൊടി പറത്തിയതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ ഗൌരവ് താക്കൂര്‍ താജ് കോമ്പൌണ്ടില്‍ ഒരു ബെഞ്ചില്‍ ഇരിക്കുന്നത് കാണാം. അടുത്തൊരാള്‍ കാവിക്കൊടി പിടിച്ച് നില്‍ക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്.

യുവാക്കളുടെ കയ്യിലുണ്ടായിരുന്നത് ആര്‍ എസ് എസ് കൊടി അല്ലെന്നും വിജയ ദശമി പതാകയാണെന്നുമാണ് ബിജെപി നേതാവ് മനീഷ് ശുക്ല പറഞ്ഞത്. ഇത് എപ്പോഴാണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സി ഐ എസ ്എഫ് കമാന്‍ഡന്റ് രാഹുല്‍ യാദവ് പ്രതികരിച്ചു.

Post a Comment

Previous Post Next Post