കൽപറ്റ: രാഹുൽ ഗാന്ധി എം.പി ഓൺലൈനായി സ്കൂൾ കെട്ടിടോദ്ഘാടം നിർവഹിക്കുന്ന ചടങ്ങിന് അവസാനഘട്ടത്തിൽ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത് വിവാദത്തിൽ.[www.malabarflash.com]
കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിെൻറ കെട്ടിടോദ്ഘാടന ചടങ്ങിനുള്ള അനുമതിയാണ് മണിക്കൂറുകൾ ബാക്കി നിൽക്കെ അനുമതി നിഷേധിച്ചത്. എം.എസ്.ഡി.പിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്.
വ്യാഴാഴ്ച രാവിലെ 10.30ന് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി കെട്ടിടോദ്ഘാടനം നിർവഹിക്കും എന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി.
ഇടതുപക്ഷം ഭരിക്കുന്ന കൽപറ്റ നഗരസഭ അധ്യക്ഷയാണ് പരിപാടിക്ക് രാഹുലിനെ ക്ഷണിച്ച് കത്തുനൽകിയത്. 15ന് പങ്കെടുക്കാമെന്ന് രാഹുൽ അറിയിച്ചു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ വാര്‍ത്തസമ്മേളനം നടത്തി ഉദ്ഘാടന വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച രാവിലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്ത് ജില്ല ഭരണകൂടം സംഘാടകർക്കും നഗരസഭ സെക്രട്ടറിക്കും കൈമാറുന്നത്.
അപ്പോഴേക്കും പരിപാടിയില്‍ പങ്കെടുക്കാനായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു. തങ്ങളെ ഇത്തരമൊരു പരിപാടിയെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന എം.എസ്.ഡി.പി കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങൾ, തറക്കല്ലിടുകൾ തുടങ്ങിയവ മുൻകൂർ അനുമതി വാങ്ങി പ്രോട്ടോക്കോൾ പ്രകാരം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്.
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഇത്തരത്തിൽ മൂൻകൂർ അനുമതി വാങ്ങിയിട്ടില്ല. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നുമാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം.
അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് പരിപാടിയുടെ അനുമതി നിഷേധിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കൽപറ്റ നഗരസഭ ഓഫിസിലേക്കും മാര്‍ച്ചും നടത്തി.
0 Comments