NEWS UPDATE

6/recent/ticker-posts

അൽവാർ പീഡനക്കേസ്: 4 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

ജയ്പുർ: അൽവാർ ജില്ലയിലെ ധാനാഗാജിയിൽ 19കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ നാലു പ്രതികൾക്കു മരണംവരെ ജീവപര്യന്തം കഠിന തടവ്. പീഡിപ്പിക്കപ്പെട്ട യുവതിക്ക് പ്രതികൾ ഓരോ ലക്ഷം രൂപ പിഴയായും നൽകണം. പീഡനം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അഞ്ചാമത്തെ പ്രതിക്ക് അഞ്ചു വർഷം തടവും അൽവാറിലെ പ്രത്യേക കോടതി വിധിച്ചു.[www.malabarflash.com]

ഛോട്ടേ ലാൽ (22), ഹൻസ് രാജ് ഗുജ്ജർ (20), അശോക് കുമാർ ഗുജ്ജർ (20), ഇന്ദ്രജ്സിങ് ഗുജ്ജർ (22) എന്നിവർക്കാണു ജീവപര്യന്തം. മുകേഷ് ഗുജ്ജർ (28) ആണ് വിഡിയോ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരം അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ടത്. പീഡനത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്തയാളിന്റെ വിചാരണ പ്രത്യേക കോടതിയിൽ പുരോഗമിക്കുന്നു. 

കഴിഞ്ഞ വർഷം ഏപ്രിൽ 26നാണു സാധനങ്ങൾ വാങ്ങുന്നതിനായി ഭർത്താവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി പീഡനത്തിന് ഇരയായത്.

ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കുന്നതിനു പ്രതികൾ ഭർത്താവിനോട് 10,000 രൂപയും ആവശ്യപ്പെട്ടിരുന്നു. പീഡനത്തിന് ഇരയായവരുടെ ബന്ധുക്കൾ ധാനാഗാജി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും ഏപ്രിൽ 29നുള്ള ലോക്സഭ തിരഞ്ഞെടുപ്പിന്റെ തിരക്കു പറഞ്ഞു മടക്കി വിടുകയായിരുന്നു. ഇതേത്തുടർന്നു 30നു ബന്ധുക്കൾ അൽവാർ എസ്പിയെ നേരിട്ടു കണ്ടു പരാതി നൽകി. മേയ് രണ്ടിനാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

മേയ് നാലിനു വീഡിയോ  പ്രചരിച്ചതിനു ശേഷമാണു പ്രതികളെ പിടികൂടുന്നതിനു പോലീസ് നടപടികൾ‍ ആരംഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംഭവം ഏറെ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. കേസിൽ നടപടി എടുക്കുന്നതിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കാലതാമസം വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയും ആക്ഷേപം ഉന്നയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവതിയെയും ഭർത്താവിനെയും വീട്ടിൽ സന്ദർശിക്കുകയും നീതി ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

അൽവാർ എസ്പിയെ സ്ഥാനത്തുനിന്നു നീക്കുകയും ധാനാഗാജി സ്റ്റേഷൻ ഓഫിസറെ സസ്പെൻഡു ചെയ്യുകയും ചെയ്തു. തുടർന്നു വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ എസ്എച്ച്ഒയ്ക്കെതിരെ കൃത്യവിലോപത്തിനു കേസ് എടുത്തു. 

മേയ് 18നു കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയതിനു പിന്നാലെ ബന്ധപ്പെട്ട സിഐയെ ജില്ലയ്ക്കു പുറത്തേക്കും സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും റേഞ്ചിനു വെളിയിലേക്കും സ്ഥലം മാറ്റുകയും ചെയ്തു.

സംഭവത്തെ തുടർന്നു ജില്ലാ പോലീസ് സൂപ്രണ്ടുമാർക്ക് അവർക്കടുത്ത് എത്തുന്ന പരാതിയിൽ നേരിട്ടു കേസെടുക്കുന്നതിനു അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ജില്ലയിലെ ഡിവൈഎസ്പിമാർ നേരിട്ടു മേൽനോട്ടം വഹിക്കണമെന്നും തീരുമാനിച്ചു. 

സാമ്പത്തിക നഷ്ടപരിഹാരം നൽകിയതിനു പുറമേ പീഡനത്തിന് ഇരയായ യുവതിയെ 2019 ജൂണിൽ രാജസ്ഥാൻ പോലീസിൽ നിയമിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments