Top News

സൗദിയിൽ വാഹനങ്ങൾ കുട്ടിയിടിച്ച് കത്തി; മലയാളിയുൾപ്പെടെ നാല് മരണം

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയ അപകടത്തിൽ മലയാളിയുൾപ്പെടെ നാല് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം വ്യാഴാഴ്ച വൈകീട്ടാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.[www.malabarflash.com] 

കൊല്ലം കൊട്ടാരക്കര ആയൂർ വട്ടപ്പാറ സ്വദേശി ജംഷീർ (28) ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. രണ്ട് സ്വദേശി പൗരന്മാരും മറ്റൊരു രാജ്യക്കാരനുമാണ് മരിച്ച മറ്റുള്ളവർ. മലയാളിയായ സുധീർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദ് - ദവാദ്മി റോഡിൽ ദവാദ്മി പട്ടണം എത്തുന്നതിന് 60 കിലോമീറ്റർ മുമ്പ് ലബ്ക എന്ന സ്ഥലത്ത് വെച്ചാണ് സെയിൽസ് വാനും പിക്കപ്പ് വാനും ട്രെയ്ലറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. 

പച്ചക്കറി കടയിൽ സെയിൽസ്മാനായ മരിച്ച ജംഷീർ റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് വാനില്‍ പച്ചക്കറി കൊണ്ടുവരികയായിരുന്നു‍. ജംഷീറിന്റെ സഹപ്രവർത്തകനാണ് പരിക്കേറ്റ സുധീർ. ഇദ്ദേഹവും ഈ വാനിൽ ഒപ്പമുണ്ടായിരുന്നു. അപകടമുണ്ടായപ്പോൾ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന്റെ തുടക്കം. ഈ ബഹളത്തിനിടെ പിന്നിൽ നിന്നെത്തിയ ട്രെയ്‌ലറുമായി ജംഷീറിന്റെ വാൻ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ തല്‍ക്ഷണം കത്തിയമര്‍ന്നു. 

പോലീസും സിവില്‍ ഡിഫന്‍സും റെഡ് ക്രസൻറുമെത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജംഷീര്‍ പുതിയ വിസയില്‍ ആറു മാസം മുമ്പാണ് ദവാദ്മിയില്‍ എത്തിയത്.

Post a Comment

Previous Post Next Post