തിരുവനന്തപുരം: കരിമഠം കോളനിയില്‍ രാത്രി പന്ത്രണ്ടരയോടെ സിപിഎം- കോൺഗ്രസ് സംഘർഷം. സംഘർഷത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതായി പരാതിയുണ്ട്. കരിമഠം കോളനിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം നശിപ്പിച്ചു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.[www.malabarflash.com]
പരസ്പരമുള്ള അക്രമത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി സിപിഎം ആരോപിക്കുന്നു. സിപിഎം പ്രവർത്തകൻ്റെ ഓട്ടോറിക്ഷ വേഗത്തിൽ പോയത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
തുടർന്ന് ഇരുകൂട്ടരും ഏറ്റുമുട്ടി. സംഘര്‍ഷം തടയാനെത്തിയ പോലിസുകാരനും പരിക്കേറ്റു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലിസ് സ്റ്റേഷനിലേക്ക് പോയി. പിന്നാലെ കോൺഗ്രസ് - ബിജെപി പ്രവർത്തകരും സ്റ്റേഷനിലെത്തി. കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇവിടേയും പരസ്പരം വാക്പോരും സംഘർഷവുമുണ്ടായി. പോലിസ് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടെങ്കിലും കരിമഠം കോളനി കേന്ദ്രീകരിച്ച് വീണ്ടും സംഘർഷം ആരംഭിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസും ആരോപിച്ചു.
എന്നാൽ സ്ഫോടക വസ്തു എറിഞ്ഞശേഷം കരിമഠം കോളനിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം കോൺഗ്രസുകാർ തകര്‍ത്തതായി സിപിഎമ്മും ആരോപിക്കുന്നു. പ്രദേശത്ത് കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്.
0 Comments