NEWS UPDATE

6/recent/ticker-posts

ഏഴര ലക്ഷം വീടുകൾ, 25 ലക്ഷം ജനങ്ങൾ, വീട്ടകം സമരമുഖം; കേന്ദ്രസർക്കാരിനെതിരെ ജനലക്ഷങ്ങളുടെ താക്കീതായി സിപിഐ എം സത്യഗ്രഹം

തിരുവനന്തപുരം: വീട്ടകങ്ങളിൽനിന്ന്‌ മുഴങ്ങിയ സമരകാഹളത്തിൽ പ്രതിഷേധത്തിന്റെ പുതുചരിത്രം തീർത്ത്‌ കേരളം. കാടും കടലും ആകാശവും കുത്തകകൾക്ക്‌ തീറെഴുതി പ്രതിസന്ധികാലത്തും ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജനലക്ഷങ്ങളുടെ താക്കീതായി സിപിഐ എം ആഹ്വാനംചെയ്‌ത സത്യഗ്രഹം മാറി.[www.malabarflash.com]

ചെങ്കൊടികളും പ്ലക്കാർഡുകളും ഉയർത്തി 25 ലക്ഷത്തിലധികം പേർ‌ സ്വന്തം വീടുകൾ സമരകേന്ദ്രങ്ങളാക്കി‌. ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച്‌ അര മണിക്കൂർ നീണ്ട സത്യഗ്രഹത്തിനു സംസ്ഥാനത്തെ ഏഴര ലക്ഷം വീടുകൾക്കു പുറമെ പാർടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും വേദിയായി.

സംഘടിത പ്രതിഷേധങ്ങൾക്കു വിലക്കുള്ള കോവിഡ്‌ മഹാമാരിയുടെ കാലം ജനവിരുദ്ധ നയങ്ങൾക്ക്‌ അവസരമാക്കിയ കേന്ദ്ര സർക്കാരിനെതിരായ രോഷമാണ്‌ സമരത്തിൽ പ്രതിഫലിപ്പിച്ചത്‌. വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സത്യഗ്രഹത്തിൽ അണിചേർന്നു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ഇതര രാഷ്ട്രീയ പാർടികളിൽനിന്നുള്ളവരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക്‌ 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക്‌ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങി പതിനാറ്‌ ആവശ്യം ഉന്നയിച്ചായിരുന്നു സത്യഗ്രഹം.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം സത്യഗ്രഹത്തിൽ പങ്കെടുത്തു. പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സമരത്തിന്റെ ഭാഗമായി.

Post a Comment

0 Comments