Top News

പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന ജില്ല എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തീരദേശമേഖലയില്‍ അതിവേഗത്തിലാണ് രോഗവ്യാപനം ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അഞ്ചുതെങ്ങില്‍ 83 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഈ പ്രദേശങ്ങളിലൊക്കെ രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഈ പരിശോധനാഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍ നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post