NEWS UPDATE

6/recent/ticker-posts

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

കൊച്ചി: ദുബൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൂന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്തു വിട്ടയച്ചു.[www.malabarflash.com] 

ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി രാവിലെ 10 ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം എന്‍ ഐ എ അന്വേഷണം സംഘം ശിവശങ്കറിനെ വിട്ടയച്ചതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനു ശേഷം ഏഴു മണിയോടെ എന്‍ ഐ എ ഓഫിസില്‍ നിന്നും പുറത്തിറങ്ങിയ എന്‍ ശിവശങ്കര്‍ കൊച്ചിയിലെ അഭിഭാഷകനെ കാണനായി അദ്ദേഹത്തിന്റെ ഓഫിസിലേക്ക് പോയെങ്കിലും പിന്നീട് കാണാതെ മടങ്ങി.
എന്‍ ഐ എയുടെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ച  രാവിലെ 9.20 ഓടെയാണ് എന്‍ ശിവശങ്കര്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് 10 മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴു മണിയോടെയാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.

ഏകദേശം ഒമ്പതു മണിക്കൂറോളം തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നതായിട്ടാണ് വിവരം. ഏതാനും ദിവസം മുമ്പ് ശിവശങ്കറിനെ എന്‍ ഐ എ തിരുവനന്തപുരത്ത് വെച്ച് അഞ്ചു മണിക്കൂുറോളം ചോദ്യം ചെയ്തിരുന്നു.ഇതില്‍ നിന്നും ലഭിച്ച മൊഴികളും പിന്നീട് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളിലും വൈരുധ്യം ഉണ്ടായതോടെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് എന്‍ ഐ എ വിളിച്ചുവരുത്തിയതെന്നാണ് വിവരം.

എന്‍ ഐ എയുടെ ദക്ഷിണ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചി യൂനിറ്റ് മേധാവി, കേസ് അന്വേഷണത്തന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച കൂടുതല്‍ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ പുതിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുമായി ശിവങ്കറിനുളള ബന്ധം,സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് ശിവശങ്കര്‍ എന്തെങ്കിലും തരത്തില്‍ സഹായം ചെയ്തുനല്‍കിയോ എന്നിവയടക്കമുളള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ശിവശങ്കറിനോട് ചോദിക്കുന്നതെന്നാണ് അറിയുന്നത്.സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായി നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് എന്‍ ഐ എ ശിവശങ്കറിനെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്തുന്നതെന്നാണ് വിവരം.

തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്നും ലഭിച്ച മൊഴികളും സ്വപ്‌ന സുരേഷ് അടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തു നോക്കി വ്യക്തത വരുത്തിയശേഷം നാളെക്കൂടി നടത്തുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയായിരിക്കും കേസില്‍ ശിവശങ്കറിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുകയെന്നാണ് വിവരം.

Post a Comment

0 Comments