NEWS UPDATE

6/recent/ticker-posts

ടിക്ടോക്കിന് ബദലായി മലയാളി ടെക്കികളുടെ ക്യൂ ടോക്ക്

നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിൽ ടിക്ടോക്ക് ഉൾപ്പെട്ടപ്പോൾ ഏറ്റവും വിഷമിച്ചത് മലയാളികളായ ടിക്ടോക്ക് പ്രേമികളായിരുന്നു. ഇനിയെന്താണ് ഞങ്ങൾക്കൊരു എന്റർടെയ്ൻമെന്റ് എന്ന് ചോദിച്ചിരിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് മലയാളികളുടെ സ്വന്തം ക്യൂ ടോക്ക്.[www.malabarflash.com]

ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ഉൾപ്പെടുത്തി ആരംഭിച്ച ക്യൂടോക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ഷോര്‍ട്ട് വിഡിയോ ആപ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. [www.malabarflash.com]

കൊച്ചി ആസ്ഥാനമായ സ്റ്റുഡിയോ90 ഇന്നവേഷന്‍ പ്രൈ. ലിമിറ്റഡാണ് ക്യൂ ടോക്ക് ആപ്പിനു പിന്നില്‍. വിദേശ ആപ്ലിക്കേഷനുകളുടെ സ്വകാര്യതാ നയത്തെക്കുറിച്ച് ചില ആർട്ടിക്കിളുകൾ വായിച്ചപ്പോൾത്തന്നെ തങ്ങൾ ക്യൂ ടോക്ക് ആപ്പിന്റെ അണിയറ പ്രവർത്തനം ആരംഭിച്ചതാണെന്ന് സ്റ്റുഡിയോ90 യുടെ മാനേജിങ് ഡയറക്ടർ ദീപു ആർ. ശശിധരൻ പറയുന്നു. ‘എന്നാൽ ടിക്ടോക് ഇത്ര പെട്ടെന്നു നിരോധിക്കുമെന്ന് കരുതിയിരുന്നില്ല. നമ്മുടെ ആപ് ലോഞ്ചിങ്ങിന് തയാറല്ലായിരുന്നു. ടിക്ടോക്കിന് നിരോധനം വന്നതോടെ ജോലികൾ ദ്രുതഗതിയിലാക്കി ആപ് ഇറക്കുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.

ക്യൂ ടോക്കിലുള്ളത്, ടിക്ടോക്കിൽ ഇല്ലാത്തത്
ടിക്ടോക്കിന് പകരം ഒരു ആപ് എന്ന ആശയം തന്നെയാണ് ക്യൂടോക്കിലേക്ക് എത്തിച്ചത് എന്ന് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെ.കെ. രവീന്ദ്രന്‍ പറയുന്നു. ടിക്ടോക്കില്‍ സജീവമായിരുന്നവർ തന്നെയാണ് മുഖ്യ ടാർഗറ്റ് ഓഡിയൻസ്. എന്നാൽ ടിക്ടോക്കിൽ ഇല്ലാത്ത പല ഫീച്ചറുകളും കൊടുക്കണമെന്ന് കമ്പനി തീരുമാനിച്ചിരുന്നു. 

അതിൽ ചിലത് ഇതിനകം ഉൾപ്പെടുത്തി. ബാക്കിയുള്ളവ പിന്നാലെ വരും. 30 സെക്കൻഡ് ലൈവ് വിഡിയോയാണ് ഇപ്പോൾ ഉൾപ്പെടുത്താൻ കഴിയുന്നത്. ഇത് ഉടനെ തന്നെ 45 സെക്കൻഡ് ആകും. 5 മിനിറ്റ് വിഡിയോ വരെ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷനുണ്ട്. എന്നാൽ പ്രമോഷനൽ വിഡിയോ ക്ലിപ്പുകൾ അധികം വരുന്നതിനാൽ അതിന് ചില നിബന്ധനകൾ വച്ചിട്ടുണ്ട്. പ്രമോഷനൽ വിഡിയോകളുടെ സമയം 1 മിനിറ്റ് ആയി ചുരുക്കി. മറ്റ് വിഡിയോകൾ 5 മിനിറ്റ് വരെ അപ്‌ലോഡ് ചെയ്യാം.

ഇഷ്ടപ്പെട്ട വിഡിയോകൾ ലൈക്ക് ചെയ്യുന്നതിനുയ് പുറമേ ബബിളുകൾ അയക്കാൻ ഓപ്ഷനുണ്ട്. റേറ്റിങ് പോലുള്ള സംവിധാനമാണിത്. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള മാർഗം കൂടിയാണിത്. അടുത്ത അപ്ഡേഷനുകളിൽ 360 ഡിഗ്രി ക്യാമറ ഫീച്ചര്‍, ഓഗ്മെന്‍റ് റിയാലിറ്റി, അള്‍ട്ര വൈഡ്, ടൈം ലാപ്സ് തുടങ്ങിയ ഫീച്ചറുകള്‍ വരും.

ചലഞ്ച്
എല്ലാവരും ക്യൂ ടോക്കിനെ ടിക്ടോക്കുമായി തന്നെയാണ് താരതമ്യം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് അടുപ്പം തോന്നാനാണ് പുതിയ ആപ്പിന്‍റെ ഇന്‍റര്‍ഫേസ് ഇപ്പോഴത്തെ രൂപത്തിൽ നിലനിർത്തിയിരിക്കുന്നത്. അധികം വൈകാതെ കൂടുതൽ ഫില്‍ട്ടറുകള്‍ വരും. രാജ്യാന്തര കമ്പനിയായ ടിക്ടോക്കിന് അപ്പുറത്തേക്ക് എത്തുക എന്നതാണ് ചലഞ്ച്. അവരുമായി നോക്കുമ്പോൾ 50 ശതമാനമേ എത്തിയിട്ടുള്ളൂ. എന്നാൽ ഉടനെ അതിലും ഗംഭീരമായ ആപ്പായി ക്യൂടോക്ക് രൂപപ്പെടുമെന്ന് ദീപു പറയുന്നു.

നെഗറ്റീവ് റിവ്യൂ
കുറച്ച് ദിവസങ്ങൾ കൊണ്ട് പതിനായിരം ഡൗൺലോഡുകളാണ് ആപിന് ലഭിച്ചിരിക്കുന്നത്; മികച്ച റിവ്യൂവും. എന്നാൽ ചില പെയ്ഡ് നെഗറ്റീവ് റിവ്യുകൾ വരുന്നതായി പ്ലേസ്റ്റോറിൽ കണ്ടു. സിസ്റ്റം ജനറേറ്റഡ് റിവ്യൂ ആണെന്ന് തിരിച്ചറിഞ്ഞ് ഗൂഗിളിൽ പരാതി നൽകിയിരിക്കുകയാണ് കമ്പനി. ഉപയോഗിക്കുന്നവരെല്ലാം നല്ല അഭിപ്രായങ്ങൾ പറയുന്നു. അതിലുപരി അവരുടെ ഫീച്ചർ സംബന്ധമായ ആവശ്യങ്ങൾ അറിയിക്കുന്നു. എല്ലാം ആവശ്യപ്രകാരം അപ്ഡേറ്റ് ചെയ്യുന്ന പണിയിലാണ് ക്യൂഡോക്ക്.
സംവിധായകൻ ഗിരീഷ് കോന്നിയാണ് സ്റ്റുഡിയോ90 ഇനവേഷന്റെ ക്രിയേറ്റീവ് ഹെഡ്. അദ്ദേഹമാണ് ആപ് ഡിസൈൻ ഉൾപ്പെടെയുള്ള ക്രിയേറ്റീവ് കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ശ്രീകുമാർ കോന്നിയാണ് ക്യൂഡോക്കിന്റെ പ്രോഗ്രാം ഹെഡ്.

സൂമിനും ബദൽ വരും
സൂം ആപിന് ബദലായി ഓഗ്മെന്‍റ് റിയാലിറ്റി വെർച്വൽ റൂമുകളുള്ള ഒരു മെസ്സേജിങ് ആന്റ് വിഡിയോ ആപ്ലിക്കേഷനും തങ്ങളുടെ പദ്ധതിയിലുണ്ടെന്ന് എംഡി ദീപു പറയുന്നു. അതിൽ, ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ഫീൽ ലഭിക്കുന്ന നൂതനമായ വെർച്വൽ ഓഫിസുകളുണ്ടാകും. അഡ്വാൻസ്ഡ് ടെക്നോളജി ഉൾപ്പെടുത്തിയാകും ഈ ബദൽ എത്തുക. ഇന്ത്യയിൽ നിരോധിക്കപ്പെട്ട 9 ആപ്പുകൾക്ക് ബദൽ ആപ്പുകൾ ഉണ്ടാക്കാനാണ് കമ്പനിയുടെ നിലവിലെ പദ്ധതി.

ക്യൂ ടോക്ക് ഡൗൺലോഡ് ചെയ്യാം 

Post a Comment

0 Comments