Top News

കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം; ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയായ 74 കാരി മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസ (74) യാണ്  പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്.[www.malabarflash.com]

ഇവർക്ക് ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും ഒപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് 7 പേർക്കും കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ 4 മക്കൾക്കും 2 പേരക്കുട്ടികൾക്കും ബന്ധുവായ അയൽവാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യത്തെ കോവിഡ് മരണമാണ്. ജില്ലയില്‍ ഒരു മരണവുമില്ലാതെയാണ് കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നുപോയത്. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ മരണം ഉണ്ടായിരുന്നില്ല.

കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി.എം അബ്ദുല്‍റഹ്മാൻ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ 7 ന് കാസർകോട്ട് വെച്ച് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അബ്ദുല്‍റഹ്മാന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാസർകോട്ട് ചികിത്സയിലില്ലാതിരുന്നതിനാൽ കേരളത്തിന്റെ കോവിഡ് മരണ പട്ടികയിൽ ആ മരണം രേഖപ്പെടുത്തിയിരുന്നില്ല.

സംസ്ഥാനത്തെ വർധിച്ചു വരുന്ന കോവിഡ് രോഗ വ്യാപനത്തോടപ്പം ജില്ലയിലും രോഗികളുടെ എണ്ണം ദിനേന കൂടി വരികയാണ്.ജൂലൈ 12 നും 15 നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50 കടന്നിരുന്നു. വെള്ളിയാഴ്ച്ച 32 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരു ഉറവിട മറിയാത്തതും ഒരു ആരോഗ്യ പ്രവര്‍ത്തകയും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും, മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.

Post a Comment

Previous Post Next Post