NEWS UPDATE

6/recent/ticker-posts

താഴത്തങ്ങാടി കൊലപാതകം; ഷീബയുടെ ഭർത്താവ് സാലിയും മരിച്ചു

കോട്ടയം: താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ എം.എ.അബ്ദുൽ സാലി (65) മരിച്ചു. ഭാര്യ ഷീബ (60) ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണു സാലി, ഷീബ എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.[www.malabarflash.com]

സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് 38 ദിവസമായി സാലി കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണു മരിച്ചത്. ചികിത്സയ്ക്കിടെ സാലിക്ക് ഇടയ്ക്കു ഹൃദയാഘാതം വന്നതും തിരിച്ചടിയായി.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നതെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ഇവരുടെ മുൻ അയൽക്കാരനും സമീപവാസിയുമായ ബിലാൽ കവർച്ചാ ശ്രമത്തിനിടെ നടത്തിയ അക്രമം എന്നാണു പോലീസ് കണ്ടെത്തൽ. ഷാനി സുധീറാണ് ദമ്പതികളുടെ ഏക മകൾ. സുധീർ തേലക്കാട്ട് ആണു മരുമകൻ.

ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി മുഹമ്മദ് ബിലാല്‍ മൊഴി നല്‍കി. കൂടുതൽ പണം ഒറ്റയടിക്ക് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുൽ സാലിയുടെ വീട്ടിലെത്തിയത്. ആ കവർച്ചാശ്രമം കൊലപാതകത്തിൽ കലാശിച്ചു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവതിയുമായി ബിലാല്‍ പ്രണയത്തിലായിരുന്നു. കൊലപാതകത്തിനുശേഷം അസമിലേക്ക് രക്ഷപ്പെടാനും ബിലാല്‍ പദ്ധതിയിട്ടിരുന്നു.

മൂന്ന് ആപ്പുകളിലൂടെ ബിലാല്‍ ഓണ്‍ലൈനില്‍ റമ്മി കളിച്ചിരുന്നു. ഓൺലൈൻ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാൽ നേടിയിരുന്നു. ലക്ഷങ്ങള്‍ കളിച്ച് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. തർക്കത്തെ തുടർന്ന് പിതാവിന്‍റെ കടയിൽ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചതോടെ വരുമാനം അടഞ്ഞു. ഇങ്ങനെയാണ് മോഷണത്തിനും അക്രമത്തിനും പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments