NEWS UPDATE

6/recent/ticker-posts

എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് തുടങ്ങിയ യുവാവ് അറസ്റ്റിൽ

ചെന്നൈ: വ്യാജ ചെക്കും എടിഎം കാര്‍ഡുമൊക്കെ ഉണ്ടാക്കുന്നതു പലതവണ കേട്ടിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പൻരുത്തിയിലെ തട്ടിപ്പുകഥ കേട്ട് സാധാരണക്കാര്‍ മാത്രമല്ല രാജ്യത്തെ ബാങ്കിങ് മേഖലയാകെ ഞെട്ടിയിരിക്കുകയാണ്.[www.malabarflash.com]

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ഒരു വ്യാജ ബ്രാഞ്ച് തന്നെ ഇവിടെ ഉണ്ടാക്കി. അതും കെട്ടിലും മട്ടിലുമെല്ലാം ഒറിജിനലിനെ വെല്ലുന്ന തരത്തില്‍.

ആരും തിരിച്ചറിയാതെ മൂന്നുമാസത്തിലേറെയാണ് ബ്രാഞ്ച് പ്രവർത്തിച്ചത്. പൻരുത്തി നോര്‍ത്ത് ബസാറിലെ പുതിയ ബ്രാഞ്ചിനെ കുറിച്ച് മറ്റൊരു ബ്രാഞ്ചില്‍ ഒരു ഇടപാടുകാരന്‍ അന്വേഷിച്ചപ്പോഴാണു വിവരം എസ്ബിഐ അറിയുന്നത്. പൻരുത്തിയിൽ രണ്ട് ബ്രാഞ്ചുണ്ടെങ്കിലും നോര്‍ത്ത് ബസാറില്‍ ബ്രാഞ്ചില്ലെന്നു എസ്ബിഐ ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഇടപാടുകാരന്‍ ആ വിലാസത്തിലെ ബ്രാഞ്ചിൽ നിന്നുള്ള രസീത് ഹാജരാക്കി.

തുടര്‍ന്ന് സോണല്‍ മാനേജര്‍ അടക്കമുള്ളവര്‍ നോര്‍ത്ത് ബസാര്‍ ബ്രാഞ്ചിലെത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി. കംപ്യൂട്ടറും ലോക്കറും സഹിതം സാധാരണ ബാങ്ക് ബ്രാഞ്ചിലുള്ള എല്ലാ സംവിധാനവും വ്യാജനിലുമുണ്ടായിരുന്നു. ഒപ്പം വെബ്‌സൈറ്റും. സോണല്‍ മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി ബാങ്കിലുണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

എസ്ബിഐ ജീവനക്കാരായിരുന്ന ദമ്പതികളുടെ 19 വയസുള്ള മകന്‍ കമല്‍ബാബുവാണു കേസിലെ പ്രധാനി. സര്‍വീസിലിരിക്കെ അച്ഛന്‍ മരിച്ചതിനാല്‍ ഇയാള്‍ ആശ്രിത നിയമത്തിനു അപേക്ഷിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. തുടര്‍ന്ന് മറ്റു രണ്ടു പ്രതികളായ എ.കുമാര്‍(42), എം.മാണിക്യം(52) എന്നിവരൊന്നിച്ചു ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങി. പൻരുത്തിയിൽ തന്നെ പ്രിന്റിങ് പ്രസ് നടത്തുന്നവരും റബർ സ്റ്റാംപുകൾ നിർമിക്കുന്നവരുമാണിവർ. ലോക്‌ഡൗണ്‍ സമയത്തു ഏപ്രിലിലാണ് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങിയത്. പ്രതികൾക്കെതിരെ ഐപിസി 473, 469,484, 109 വകുപ്പുകൾ പ്രകാരം കേസെടുത്തു.

മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ബാങ്ക് ബ്രാഞ്ചിൽ കമൽബാബു കുട്ടിക്കാലം മുതൽ തന്നെ സ്ഥിരം സന്ദർശനം നടത്തിയിരുന്നതിനാൽ ബാങ്കിങ് പ്രവർത്തനം ഏറെക്കുറെ അറിയാമായിരുന്നു. എതാനും വർഷം മുൻപ് അച്ഛൻ മരിച്ചതോടെ ആശ്രിത നിയമനത്തിനും അപേക്ഷ നൽകി. രണ്ടു വർഷം മുൻപ് അമ്മ ബാങ്കിൽ നിന്ന് വിരമിക്കുകയും ചെയ്തു. ആശ്രിത നിയമനം വൈകുന്നതിൽ കമൽബാബു ഏറെ അസ്വസ്ഥനായിരുന്നെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന.

പണം നഷ്ടമായതു സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നു പൻതുരുത്തി പൊലീസ് ഇന്‍സ്പെക്ടര്‍ അംബേദ്‌കർ പറഞ്ഞു. എന്നാല്‍ കമല്‍ ബാബുവിന്റെ അമ്മയുടെയും ഒരു ബന്ധുവിന്റെയും അക്കൗണ്ടുകൾക്കിടയിൽ വന്‍തോതില്‍ ഇടപാടുകള്‍ നടന്നതിന്റെ രേഖകളുണ്ട്. ഇവ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

ബാങ്ക് രസീതുകള്‍, സീലുകള്‍, ചെലാനുകള്‍ തുടങ്ങി മുഴുവന്‍ രേഖകളും വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയിരുന്നത്. ഇടപാടുകാര്‍ക്കു പണം നഷ്ടമായിട്ടുണ്ടോയെന്നറിയാൻ വിശദമായ പരിശോധന വേണ്ടിവരുമെന്ന് എസ്ബിഐ വൃത്തങ്ങൾ അറിയിച്ചു.

Post a Comment

0 Comments