Top News

പനി ബാധിച്ചു മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ടു സംസ്കരിച്ചു; വീട്ടുകാർ ഉൾപ്പെടെ 45 പേർക്കെതിരെ കേസ്

ആലുവ: തോട്ടയ്ക്കാട്ടുകരയിൽ പനി ബാധിച്ചു മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ടു സംസ്കരിച്ച സംഭവത്തില്‍ വീട്ടുകാർ ഉൾപ്പെടെ 45 പേർക്കെതിരെ പോലീസ് കേസ്.[www.malabarflash.com]

വീട്ടിലെ 2 അംഗങ്ങൾ കോവിഡ് പരിശോധനയുടെ ഫലം കാത്തു ക്വാറന്റീനിൽ കഴിയുമ്പോഴാണ് ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയോ മൃതദേഹത്തിൽനിന്നു സ്രവം ശേഖരിക്കുകയോ ചെയ്യാതെ മരിച്ച് 2 മണിക്കൂറിനുള്ളിൽ സംസ്കരിച്ചത്.

ചടങ്ങിൽ നഗരസഭാ അധികൃതരും വാർഡുതല കോവിഡ് ജാഗ്രതാസമിതി ഭാരവാഹികളും ഉൾപ്പെടെ ഇരുനൂറിലേറെ ആളുകൾ പങ്കെടുത്തു എന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ചടങ്ങിൽ പങ്കെടുത്തവരെല്ലാം കേസിൽ പ്രതികളാകും. 

സംസ്കാരം നടത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ക്വാറന്റീനിൽ കഴിഞ്ഞ 2 കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവന്നത്. അതോടെ സംഭവം വിവാദമാകുകയും നാട്ടിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു.

ആശങ്ക മൂലം നൂറോളം പേർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കു മാത്രമായി പിസിആർ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരുടെ പട്ടിക തയാറാക്കി വരികയാണെന്നു റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.



Post a Comment

Previous Post Next Post