NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തി

കോട്ടയം: ജില്ലയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തി. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) സംസ്കാരമാണ് മുട്ടമ്പലത്ത് നടന്നത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു സംസ്കാരം.[www.malabarflash.com]

ഉച്ചയ്ക്കു രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചത്. മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക.

മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.

മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്ന് നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ അടക്കമുളളവരെ കലക്ടറേറ്റിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ സംസ്കാരം മാറ്റിവയ്ക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതിനു ശേഷം രാത്രി പതിനൊന്നു മണിയോടെ കൂടുതൽ പോലീസുകാരെ എത്തിച്ചശേഷമാണ് സംസ്കാരം നടത്തിയത്. രാത്രി 10.57 ന് ആരംഭിച്ച സംസ്കാരച്ചടങ്ങ് 11.16 ന് അവസാനിച്ച ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

Post a Comment

0 Comments