NEWS UPDATE

6/recent/ticker-posts

വിലകൂടിയ സൈക്കിളുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ വില്‍പന; കള്ളനെ ഓണ്‍ലൈനില്‍ തന്നെ കുടുക്കി പോലീസ്

ആലുവ: വില കൂടിയ സൈക്കിളുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഒ.എല്‍.എക്‌സ്. വഴി വില്‍പന നടത്തുന്ന വിരുതനെ ഓണ്‍ലൈന്‍ വഴി തന്നെ കുടുക്കി പോലീസ്. ആലുവ നസ്രത്ത് സ്വദേശി എഡ്വിനെയാണ് (22) ആലുവ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

വില കൂടിയ സൈക്കിളുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നയാളാണ് എഡ്വിനെന്നാണ് സൂചന. ആലുവ നഗരത്തില്‍ നിന്നുമാത്രം മൂന്ന് സൈക്കിളുകള്‍ ഇയാള്‍ മോഷ്ടിച്ചതായി പോലീസിന് പറയുന്നു. മോഷ്ടിച്ച സൈക്കിളുകള്‍ ചൂണ്ടി സ്വദേശിയായ ഒരാളെ ഇടനിലക്കാരനാക്കി ഒ.എല്‍.എക്‌സിലൂടെ വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്.

സൈക്കിള്‍ നഷ്ടപ്പെട്ട ഒരാള്‍ തന്റെ സൈക്കിള്‍ ഒ.എല്‍.എക്‌സില്‍ വില്‍പനയ്ക്കിട്ടിരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈക്കിള്‍ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരനെ സമീപിക്കുകയും അയാള്‍ വഴി യഥാര്‍ത്ഥ മോഷ്ടാവിനെ കണ്ടെത്തുകയുമായിരുന്നു.

എഡ്വിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സൈക്കിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഇത്തരത്തിലുള്ള കൂടുതല്‍ മോഷണങ്ങളും വില്‍പനയും നടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments