Top News

സഹോദരിയുടെ വിവാഹത്തിനായി കരുതിയ സ്വര്‍ണം മോഷ്ടിച്ച 17കാരന്‍ പിടിയില്‍

ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടില്‍ കരുതിവച്ച സ്വര്‍ണ്ണം മോഷ്ടിച്ച 17കാരനും സുഹൃത്തുക്കളും പിടിയില്‍. നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് 23 പവന്‍ സ്വര്‍ണം മോഷണം പോയത്. വീട്ടില്‍ അറിയാതിരിക്കാന്‍ മുക്കുപണ്ടം പകരം വച്ചായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണ്‍ വാങ്ങി മറിച്ച് വില്‍ക്കുന്നതിനായിരുന്നു മോഷണം.[www.malabarflash.com]

ഗൃഹനാഥന്റെ 17 വയസുള്ള മകനും സുഹൃത്തുക്കളായ താഹാഖാനും ജാഫറും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്. പണത്തിന് ആവശ്യം വന്നപ്പോള്‍ കഴിഞ്ഞ ദിവസം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം, പണയം വയ്ക്കാനായി ഗൃഹനാഥന്‍ പുറത്തെടുത്തിരുന്നു. ഈ സമയത്താണ് ആഭരണങ്ങള്‍ മാറിയിരിക്കുന്നതായി ശ്രദ്ധിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണ് അലമാരയിലുള്ളതെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നും കണ്ടെത്തി. മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വീതം വളകള്‍, തകിടുകള്‍ എന്നിവയാണ് മോഷ്ടിക്കപെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ തന്നെയാണെന്ന് കണ്ടെത്തിയത്.

അമ്മയുടെ ചികത്സയ്ക്കായി പിതാവും സഹോദരിയും കൂടി കോട്ടയത്ത് പോയ സമയത്താണ് മോഷണം നടത്തിയത്. കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോണ്‍ വാങ്ങി മറിച്ച് വിറ്റിരുന്നു. കൂടുതല്‍ ഫോണുകള്‍ വാങ്ങുന്നതിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.

Post a Comment

Previous Post Next Post