Top News

ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി (മാട്ടൂൽ തങ്ങൾ അന്തരിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ സംയുക്ത ഖാസിയും മൻശഅ് മാട്ടൂൽ ശിൽപിയുമായ ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി (മാട്ടൂൽ തങ്ങൾ-70) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹചമായ രോഗത്താൽ ചികിത്സയിലായിരുന്നു.[www.malabarflash.com]

പയ്യന്നൂർ രാമന്തളിയിൽ 1950-ലാണ് ഹാമിദ് കോയമ്മ തങ്ങളുടെ ജനനം. “ഏഴിമല തങ്ങൾ’ എന്ന പേരിൽ പ്രസിദ്ധനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരിയുടെ പുത്രൻ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.

പിതൃവ്യൻ സയ്യിദ് താഹാതങ്ങൾ, രാമന്തളിയിലെ മുദരിസും ഖത്വീബുമായിരുന്ന കടമ്പേരി ഇബ്‌റാഹീം മുസ്‌ലിയാർ എന്നിവരിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് താജുൽ ഉലമാ സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരിയുടെ കീഴിലെ അഞ്ച് വർഷത്തെ പഠനത്തിന് ശേഷം 1973-ൽ ഉള്ളാൾ സയ്യിദ് മദനി കോളജിൽ നിന്ന് പ്രഥമബാച്ചിൽ മദനി ബിരുദം നേടി. 

ഇമ്പിച്ചാലി മുസ്‌ലിയാർ, താഴക്കോട് അബ്ദുല്ല മുസ്‌ലിയാർ എന്നിവരാണ് മറ്റു ഗുരുനാഥന്മാർ. കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ, ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ, പുറത്തീൽ ഹാമിദ് മുസ്‌ലിയാർ, കൊട്ടില ഹുസൈൻ മുസ്‌ലിയാർ എന്നിവർ പ്രധാന സഹപാഠികളാണ്. 

യമനിലെ ശൈഖ് ഇസ്മാഈൽ ഉസ്മാനിൽ നിന്ന് അധ്യാപനത്തിനുള്ള പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. 1979-ൽ ഹജ്ജ് യാത്രാവേളയിൽ ശൈഖ് ഇസ്മാഈൽ ഉസ്മാനിയുടെ ക്ലാസിൽ മാട്ടൂൽ തങ്ങൾ സംബന്ധിച്ചിരുന്നു.

1973-ൽ കാസർകോട് ദേലമ്പാടിയിൽ താജുൽ ഉലമായുടെ ആശീർവാദത്തോടെ ദർസ് ആരംഭിച്ചു കൊണ്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1982-ൽ ദേലമ്പാടിയിൽ നിന്ന് പുളിങ്ങോട്ടേക്ക് മാറി. 1996 വരെ അവിടെ തുടർന്നു. ആ കാലത്ത് പുളിങ്ങോം തങ്ങൾ എന്ന പേരിലും അറിയപ്പെട്ടു. ആ വർഷം മാട്ടൂൽ മൻശഇന്റെ പ്രധാന മുദരിസായി ചാർജെടുത്തു. തുടർന്ന് ജീവതാവസാനം വരെ മൻശഇന്റെ ജീവനാഡിയായി പ്രവർത്തിച്ചു. 
ഖബറടക്കം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മാട്ടൂൽ മൻശഅ് ചാരത്ത് നടക്കും.

Post a Comment

Previous Post Next Post