NEWS UPDATE

6/recent/ticker-posts

24 പേർക്കു കൂടി കോവിഡ്; 5 പേര്‍ക്ക് രോഗമുക്തി, പരീക്ഷയ്ക്കു മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5 പേരുടെ ഫലം നെഗറ്റീവായി.[www.malabarflash.com] 

പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം കേസുകളാണ് പോസിറ്റീവായത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 666 ആയി. 161 പേര്‍ ചികിൽസയിലുണ്ട്. 74398 പേർ നിരീക്ഷണത്തിലുണ്ട്. 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കേരളത്തിൽ പുതിയ ഹോട്സ്പോട്ടുകളില്ല. നേരത്തെ പറഞ്ഞതു പോലെ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

രോഗികളുടെ വർധന മനസ്സിലാക്കി കൊണ്ടാണ് രോഗനിർവ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതൽ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.

നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാൽ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്കണം. സംസ്ഥാന അതിർത്തികളിൽ റെഡ്സോണിൽ ഉള്ളവർ വന്നാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയിൽ അപകടമാണ്. കേരളത്തിൽ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലർ തെറ്റായ വ്യഖ്യാനം നൽകുന്നുണ്ട്. പ്രവാസികൾ അകറ്റി നിർത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും. മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ. എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചാകും പരീക്ഷ നടത്തിപ്പ്. വിദ്യാർഥികൾക്ക് ഗതാഗത സൗകര്യമൊരുക്കും. പ്രത്യേകമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേണ്ട പരിഹരിക്കും.

ഹോം ക്വാറന്റീൻ മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ വൊളന്റിയർമാർ വാർഡുതല സമിതിക്കുണ്ടാവണം. ചുരുക്കം ചില സ്ഥലങ്ങളിൽ വാർഡ് തല സമിതി ഉദ്ദേശിച്ച രീതിയിൽ ഫലപ്രദമല്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് സമിതി ഇതു കണ്ടെത്തി പരിഹരിക്കണം. 

പുറത്തുനിന്നു വരുന്നവരിൽ ചിലർക്കു രോഗമുണ്ടാകാം. അവർക്ക് അസുഖം വന്നത് അവരുടെ കുറ്റമല്ല. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്കു രോഗം വരാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്. അവരുടെ കൂടി നാടായ ഇവിടേക്കു വരുമ്പോൾ ആരും തടസ്സം നിൽക്കരുത്. പെറ്റമ്മയുടെ അടുത്തേക്കു വരാൻ, സ്വന്തം നാട്ടിലേക്ക് വരാൻ ഏവരും ആഗ്രഹിക്കില്ലേ? ഇങ്ങനെ പുറത്തുനിന്നു വരുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നതിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണം.

നമ്മുടെ നാടും ജനങ്ങളും ഈ മഹാമാരിയെ നേരിടാൻ ഒന്നിച്ചു നിൽക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ സ്ഥാപനങ്ങളുടേയോ മാത്രം ഉത്തരവാദിത്തമല്ല രോഗവ്യാപനം തടയുകയെന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ശക്തമായി നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴ നന്നായി കിട്ടുന്നുണ്ട്. ഈ സമയത്ത് പകർച്ചവ്യാധിയെ അകറ്റനിർത്തേണ്ടതുണ്ട്. കൊതുകു നിർമാർജനവും മാലിന്യ നിർമാർജനവും ഇക്കാലത്ത് നടത്തേണ്ടതുണ്ട്. ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളോട് സഹാനുഭൂതിയോടെ പെരുമാറണം. നാട്ടിൽ അതിഥി തൊഴിലാളികൾ മാത്രമല്ല, ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പു വരുത്തണം. തദ്ദേശ സ്ഥാനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. സമൂഹ അടുക്കള പൂർണമായി നിർത്താൻ സമയമായിട്ടില്ല. ആവശ്യമുള്ളവരെ സഹായിക്കേണ്ടതുണ്ട്.

ലോക്ഡൗൺ കാരണം പലയിടത്തും കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാരുണ്ട്. ഇവർ കലക്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രാദേശികമായ രോഗനിർമാർജന പ്രവർത്തനങ്ങൾക്കു ഇവരെ ഉപയോഗിക്കാമെന്നു നിർദേശിച്ചിരുന്നു. തിരുവനന്തപുരത്ത് ഇങ്ങനെ നിരവധി പേരുണ്ട്. കെഎസ്ആർടിസി ബസ് ക്രമീകരിച്ച് അതതു ജില്ലകളിലേക്ക് തിരിച്ചയക്കാൻ തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് 2948 താൽക്കാലിക തസ്തികകൾ കൂടി സൃഷ്ടിച്ചിട്ടുണ്ട്. ആകെ ആറായിരത്തോളം തസ്തിക ഇക്കാലത്ത് സൃഷ്ടിച്ചു. പ്രവാസികൾ വരുന്നതു കൂടി കണക്കിലെടുത്താണു തീരുമാനം. കോവിഡ് ബാധിച്ചു ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരായ ബോധവൽകരണത്തിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കും. മാസ്ക് ധരിക്കാത്ത 3396 സംഭവങ്ങൾ ഇന്നുണ്ടായി. ക്വാറന്റീൻ ലംഘനത്തിന് 12 പേർക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments