Top News

കര്‍ണാടകയുടെ ക്രൂരതക്ക് മുന്നിൽ കാസറകോട് ഒരു ജീവനും കൂടി പൊലിഞ്ഞു

മഞ്ചേശ്വരം: കാസറകോട് ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം അങ്കടിപദവ് സ്വദേശിയായ രുദ്രപ്പ (57) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി.[www.malabarflash.com]
കഴിഞ്ഞ രണ്ട് വർഷമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു രുദ്രപ്പ. ഹൃദ്രോഗിയായിരുന്നു. ശനിയാഴ്ച രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. 

എത്രയും വേഗം മംഗലാപുരത്തോ, കാസറകോടോ എത്തിക്കാനായിരുന്നു നിർദേശം. മംഗലാപുരത്തേയ്ക്ക് പോകാൻ എളുപ്പമായിരുന്നുവെങ്കിലും അതിന് സാധിക്കാത്തതുകൊണ്ട് കാസറകോട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു.

അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് രുദ്രപ്പ ചികിത്സ തേടിയിന്ന മഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ കാസര്‍കോട് ഏഴുപേര്‍ മരിച്ചിരുന്നു.

ഇരുസംസ്ഥാനങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും, കാസര്‍കോട് നിന്നുള്ള അതിര്‍ത്തികള്‍ തുറക്കില്ല എന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. 

കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞിരുന്നു. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

Post a Comment

Previous Post Next Post