NEWS UPDATE

6/recent/ticker-posts

വിശ്രമിക്കാന്‍ നേരമില്ല; മഹാമാരിയുടെ യുദ്ധഭൂമിയിലേക്ക് വീണ്ടും മലയാളി ഡോക്ടര്‍ ദമ്പതികള്‍

ലണ്ടൻ: ആദ്യം കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ; പിന്നെ രോഗ ലക്ഷണങ്ങളുമായി വീട്ടിൽ നിരീക്ഷണത്തിൽ; ഭേദമായപ്പോൾ വീണ്ടും മഹാമാരിക്കെതിരായ യുദ്ധഭൂമിയിലേക്ക് – ബ്രിട്ടനിലെ മലയാളി യുവഡോക്ടർ ദമ്പതികളുടെ അനുഭവമാണിത്.[www.malabarflash.com]

വാറിക്‌ഷറിൽ വാറിക് ഹോസ്പിറ്റലിലെ എമേർജൻസി മെഡിസിൻ‌ വിഭാഗത്തിലാണ് കോഴിക്കോട് സ്വദേശി ഡോ. മുഹമ്മദ് അൻസാരിയും ഭാര്യ കാസര്‍കോട് ഉദുമ സ്വദേശിനി ഡോ. ഷൈമ ഉബൈദും.


മൂന്നാഴ്ച മുൻപ് ആശുപത്രിയിലേക്ക് രോഗികൾ ഒഴുകിത്തുടങ്ങിയപ്പോൾ തന്നെ അൻസാരിയും ഷൈമയും ഉൾപ്പെടെയുള്ള ഡോക്ടർമാരെല്ലാം അപകടം മണത്തതാണ്. കൊറോണവൈറസ് രോഗത്തോട് ബ്രിട്ടൻ ആദ്യം സ്വീകരിച്ച ‘സമൂഹപ്രതിരോധ’ സമീപനവും പിന്നീട് വേണ്ടത്ര സുരക്ഷാമുൻകരുതൽ ഇല്ലാത്ത പരിചരണങ്ങളും തങ്ങളെയും രോഗബാധിതരാക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പായിരുന്നു.

പക്ഷേ, അതുപറഞ്ഞ് ആരും പിന്മാറിയില്ല. രോഗികളുടെ ഒഴുക്ക് ഓരോ ദിവസവും വർധിച്ചു.
‘ഷൈമയാണ് ആദ്യം വയ്യാതായത്. കടുത്ത പനി, തലവേദന. ഉടൻ വീട്ടിലേക്കു മടങ്ങി മറ്റാരുമായും സമ്പർക്കമില്ലാതെ വിശ്രമിച്ചു. പിന്നീട് ചുമയും വന്നു. അതോടെ ഞാനും ക്വാറന്റീനിലായി’ – അൻസാരി പറയുന്നു.

‘ഇതെല്ലാം സംഭവിക്കുമെന്ന് അറിയാമായിരുന്നതും തയാറെടുത്തിരുന്നതുമാണ്. പക്ഷേ, പ്രതീക്ഷിച്ചതിനെക്കാൾ കടുപ്പമായിരുന്നു അനുഭവം. ഒരുപനിപോലെ വന്നുപോകുമെന്നാണു കരുതിയത്. പക്ഷേ, അനങ്ങാൻ വയ്യാതെ കിടക്കേണ്ടിവന്നു’.

ബ്രിട്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ സാംപിൾ മാത്രമേ പരിശോധിക്കുന്നുള്ളൂ. അതുകൊണ്ട് ഇരുവരുടെയും സാംപിൾ പരിശോധിച്ചില്ല. ഇവരുടെ ഒട്ടേറെ സഹപ്രവർത്തകരും ഇതുപോലെ രോഗബാധിതരായിട്ടുണ്ട്. ഒരാളുടെ സാംപിൾ മാത്രമാണ് പരിശോധിച്ചത്. അയാൾക്ക് രോഗം സ്ഥിരീകരിക്കുയും ചെയ്തു.

രോഗലക്ഷണങ്ങൾ മാറി ആരോഗ്യം വീണ്ടെടുത്തതോടെ ഇരുവരോടും വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അധികൃതർ നിർദേശിച്ചു. കൂടുതൽ ദിവസം ഹോംക്വാറന്റീൻ, രോഗസാധ്യതയുള്ളവർ ചികിത്സകരാകാതിരിക്കുക തുടങ്ങിയ പ്രോട്ടോക്കോളുകളൊന്നും ഇപ്പോഴില്ല. അത്തരം നിയന്ത്രണങ്ങൾക്കെല്ലാം അപ്പുറമാണു സ്ഥിതി.

പെരുമ്പാവൂർ ജോയിന്റ് ആർടിഒ ആയിരിക്കെ മരണമടഞ്ഞ പൂനൂർ കോളിക്കൽ സ്വദേശി ടി. യൂസഫ് സിദ്ദീഖിന്റെയും എം.എ. നജീനയുടെയും മകനാണ് ഡോ. അൻസാരി. കാസർകോട് ഉദുമ സ്വദേശി എം.എ. ഉബൈദിന്റെയും ജമീലയുടെയും മകളാണ് ഡോ. ഷൈമ.

അൻസാരിയും ഷൈമയും മാത്രമല്ല, ബ്രിട്ടനിലെ ഒട്ടേറെ ഡോക്ടർമാർ ചികിത്സയ്ക്കിടെ രോഗബാധിതരാവുകയും ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും ജോലിക്കെത്തുകയും ചെയ്യുന്നുണ്ട്. 14 ദിവസം നിർബന്ധിത ക്വാറന്റീൻ, അതുകഴിഞ്ഞു 14 ദിവസം നിരീക്ഷണം തുടങ്ങിയവയൊന്നും സാധ്യമല്ലാത്ത സ്ഥിതിയാണ്.

ഡോക്ടർമാർ സുരക്ഷാകവചം (പിപിഇ) ധരിക്കുന്നതു പോലും ഐസിയുവിനുള്ളിൽ മാത്രം. പുറത്ത് കോവിഡ് ഉറപ്പുള്ള രോഗികളെ പരിശോധിക്കുമ്പോൾ പോലും പിപിഇ ഇല്ല. കാര്യങ്ങൾ അത്രമേൽ നിയന്ത്രണാതീതമാണ്.
കോവിഡ് സംശയിക്കുന്നവരെയും ലക്ഷണങ്ങളുള്ളവരെയും 14 ദിവസം ക്വാറന്റീനിലാക്കുക, രോഗം സ്ഥിരീകരിച്ചവർ രോഗമുക്തരായ ശേഷവും 14 ദിവസം ക്വാറന്റീനിൽ കഴിയുക തുടങ്ങിയവയാണ് കേരളവും മറ്റും പിന്തുടരുന്ന രീതി. ഇത് മാതൃകാപരവും സുരക്ഷിതവുമാണെന്ന്  അൻസാരിയും ഷൈമയും പറയുന്നു. 

പക്ഷേ, ബ്രിട്ടനിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം പ്രോട്ടോക്കോൾ ഒന്നുമില്ല. ഞങ്ങൾ മെഡിക്കൽ സ്റ്റാഫിന് രോഗലക്ഷണം കണ്ടാൽ 7 ദിവസം ക്വാറന്റീനിൽ കഴിയണം. വീട്ടിലെ മറ്റുള്ളവർ 14 ദിവസവും. ഇവരിലാർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ പിന്നീട് 14 ദിവസം പൂർത്തിയാക്കേണ്ട; ലക്ഷണം കണ്ടതു മുതൽ 7 ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി.

പുതിയ കൊറോണവൈറസിനെ നേരിടുന്നതിൽ രാഷ്ട്രീയവും ശാസ്ത്രീയവുമായി പല തരത്തിലുള്ള സമീപനമാണ് ലോകം കാണുന്നത്. ഇതിൽ ഏതായിരുന്നു ഏറ്റവും ശരി, ഏതായിരുന്നു ഏറ്റവും പ്രായോഗികം എന്നതൊക്കെ ഭാവിയിലേ വ്യക്തമാകൂ.

ബ്രിട്ടൻ ആദ്യം സ്വീകരിച്ചത് ‘സമൂഹപ്രതിരോധശേഷി നേടുക’ (ഹെർഡ് ഇമ്യൂണിറ്റി) എന്ന സമീപനമാണ്. ജനസംഖ്യയുടെ 80% പേരും രോഗബാധിതരാവുകയും അതിനെ അതിജീവിക്കുകയും ചെയ്യുമ്പോൾ സമൂഹം ഒന്നടങ്കം പ്രതിരോധശേഷി നേടുമെന്ന സങ്കൽപം. ഒരുഘട്ടം കഴിഞ്ഞപ്പോൾ ബ്രിട്ടന് ഇത് മാറ്റേണ്ടിവന്നു.

വുഹാൻ മൂന്നു മാസത്തിലേറെ നീണ്ട ലോക്‌‍ഡൗണിനു ശേഷം തുറന്നപ്പോൾ വീണ്ടും രോഗബാധ വർധിച്ചു. ലോകത്തുനിന്ന് ഈ വൈറസ് പൂർണമായി അപ്രത്യക്ഷമാകുന്നതു വരെയോ അല്ലെങ്കിൽ അതിനെതിരെ പ്രതിരോധശേഷിയും ചികിത്സയും നാം നേടുന്നതുവരെയോ കാത്തിരിക്കുക/അടച്ചിടുക എന്നതാണു മാർഗമെങ്കിൽ ഈ നിയന്ത്രണങ്ങൾ എത്രനാൾ തുടരേണ്ടിവരും? രോഗം ഭേദമായവർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ച വാർത്തകളും പലയിടത്തുനിന്നും വരുന്നുണ്ട്.

അപ്പോൾപിന്നെ എന്താണു വഴി? ഇത്തരം കാര്യങ്ങളിലൊന്നും ഇപ്പോഴും പൊതുസമ്മതമായ നിഗമനമോ നിർദേശമോ ഇല്ല. സാഹചര്യാനുസൃതം തീരുമാനങ്ങളെടുക്കുക, പ്രവർത്തിക്കുക എന്നതു മാത്രമാണു വഴി. ഇവിടെ ഇപ്പോഴത്തെ സാഹചര്യം ഇതാണ്; അതുപ്രകാരമുള്ള നിർദേശങ്ങളാണ് അധികൃതർ ഞങ്ങൾക്കു തരുന്നത്. ഞങ്ങൾ അതുപ്രകാരം പ്രവർത്തിക്കുന്നു അത്രമാത്രം ഡോ. അൻസാരി പറഞ്ഞു .

(കടപ്പാട്: മനോരമ)

Post a Comment

0 Comments