NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ടെ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ട് പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കാസര്‍കോട്ടുകാര്‍ തയ്യാറാകണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍.[www.malabarflash.com] 

ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല ചന്ദ്രശേഖരനാണ്.

കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചയാള്‍ ഗള്‍ഫില്‍നിന്നാണ് വന്നത്. ഇദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അന്ന് അദ്ദേഹം മലപ്പുറത്തു താമസിച്ചു. പിന്നീട് ട്രെയിന്‍ മാര്‍ഗം കോഴിക്കോടുനിന്ന് കാസര്‍കോട്ടേക്ക് പോയി. കാസര്‍കോട്ടെത്തിയ ശേഷം നിരവധി പൊതുവിടങ്ങളില്‍ പോവുകയും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.

കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുത്തിരുന്നു. കൂടാതെ കളിക്കളങ്ങളും ക്ലബ്ബുകളും സന്ദര്‍ശിച്ചു. ഇത് മേഖലയില്‍ ആശങ്കയ്ക്ക് വഴിവെക്കുകയായിരുന്നു. കാസര്‍കോട്ടെ നിലവിലെ സാഹചര്യമാണ് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതരജില്ലകളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കാസര്‍കോട്ടേക്കുള്ള പൊതുവഴികളിലൂടെ വരുന്നവര്‍ക്ക് പരിശോധനയ്ക്കുശേഷം കടന്നുവരാനുള്ള സംവിധാനമുണ്ട്. ഇത്തരം പരിശോധനകളില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ മറ്റുമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments