ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയില്‍ രോഗബാധിതരുമായി അടുത്തിടപഴകിയവരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്നു വീണു. 70 പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ഇവരില്‍ 35 പേരെ രക്ഷപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.[www.malabarflash.com]
ശനിയാഴ്ച വൈകീട്ട് 7.30 ഓടെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ഷിന്‍ജിയ ഹോട്ടലാണ് തകര്‍ന്നു വീണത്. കൊറോണ (കോവിഡ് 19) വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി അടുത്തിടെ മാറ്റിയ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നുവീണതെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫുജിയാന്‍ പ്രവിശ്യാ ഭരണകൂടം 150 ഓളം പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബെയ്ജിങ്ങില്‍ നിന്നുള്ള സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പണിപൂര്‍ത്തിയാക്കിയ ഹോട്ടലാണ് തകര്‍ന്നുവീണതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അപകടത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഹോട്ടല്‍ തകര്‍ന്ന് വീണ ഫുജിയാന്‍ പ്രവശ്യയില്‍ ഇതുവരെ 296 കൊറോണാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10,810 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്തതിനാല്‍ ചൈനയില്‍ കെട്ടിടം തകര്‍ന്നുവീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. 2016 ല്‍ ചൈനയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഷാങ്ഹായില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വ്യാപാര സമുച്ചയം തകര്‍ന്നുവീണ് പത്തുപേര്‍ മരിച്ചിരുന്നു.
0 Comments