Top News

ഐബി ഉദ്യോഗസ്ഥന്റെ മരണം: ആം ആദ്മി നേതാവിനെതിരെ കേസ്

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ മരിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനെതിരെ കേസെടുത്തു.[www.malabarflash.com]

കൊലപാതകം, തീ വയ്പ്, അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് താഹിറിനെതിരായി കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. 

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ചയാണ് ജാഫറാബാദിൽ വീടിനു സമീപത്തെ ഓവുചാലിൽ അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതിനു പിന്നാലെ താഹിര്‍ ഹുസൈനെതിരെ അങ്കിതിന്റെ പിതാവ് പരാതിയുമായെത്തി. താഹിറിന്റെ വീടിന്റെ മുകളിൽനിന്നുള്ള അക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസെടുത്തതിനെ തുടർന്ന് താഹിർ ഹുസൈന്റെ വീട് പൂട്ടി സീൽ ചെയ്തു. 

അങ്കിത് ശർമയുടെ മരണത്തിൽ ആം ആദ്മി നേതാവിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു.

ഹുസൈൻ കൊലപാതകിയാണ്. വടികൾ, കല്ലുകൾ, വെടിയുണ്ട, പെട്രോൾ ബോംബ് എന്നിവയുമായാണു മുഖംമൂടി ധാരികളായ അക്രമികൾ എത്തിയത്. താഹിർ ഹുസൈൻ സ്ഥിരമായി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളിനോടും ആം ആദ്മി പാർട്ടി നേതാക്കളോടും സംസാരിക്കാറുണ്ടെന്നും കപിൽ മിശ്ര ആരോപിച്ചു. ആം ആദ്മി നേതാവിന്റെ വീടിന് മുകളിൽനിന്ന് പെട്രോൾ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. അങ്കിത് ശർമയുടെ അയൽവാസികളും ഹുസൈനെതിരെ മൊഴി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post