NEWS UPDATE

6/recent/ticker-posts

കലുഷിതമായി ഡൽഹി; നാലുപേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പോലീസുകാരനും അക്രമങ്ങളിൽ പരിക്കേറ്റ മറ്റ് മൂന്നുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com] 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ സി.എ.എ അനുകൂലികൾ സംഘർഷമഴിച്ചുവിടുകയായിരുന്നു. 

കല്ലേറിൽ പരിക്കേറ്റ ഹെഡ്​ കോൺസ്​റ്റബ്​ൾ രത്തൻലാലാണ്​ കൊല്ലപ്പെട്ട പോലീസുകാരൻ​. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ്​ ഫുർഖാൻ ഉൾപ്പടെ മറ്റ് മൂന്നുപേർ കൂടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ്​ ഫുർഖാൻ കൊല്ലപ്പെട്ടത്​. മേഖലയിൽ വീടുകളും കടകളും തെരഞ്ഞുപിടിച്ച് വ്യാപക അക്രമം തുടരുകയാണ്.

ജാമിഅ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രിയോടെ പോലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചു. മാർച്ച് നടത്താനെത്തിയ വിദ്യാർഥികളെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തു.

ചാന്ദ്ബാഗ്, ഭജൻപുര, മൗജ്പുർ, ജാഫറാബാദ് തുടങ്ങിയ ഇടങ്ങളിലാണ് സംഘർഷം വ്യാപിച്ചത്. പ്രദേശത്തെ നൂറുകണക്കിന് വീടുകളും കടകളും അക്രമികൾ തകർത്തു. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ഡൽഹി ഡെപ്യൂട്ടി പോലീസ് കമീഷണർക്ക് കല്ലേറിൽ പരിക്കേറ്റു. ഇരുകൂട്ടരും പരസ്​പരം കല്ലെറിഞ്ഞതോടെ സംഘർഷം കനക്കുകയായിരുന്നു​. പ്രതിഷേധക്കാർക്കുനേരെ ​പോലീസ്​ ടിയർ ഗ്യാസ്​ പ്രയോഗിച്ചു. 

പോലീസുകാരൻ കൊല്ലപ്പെട്ടതോടെ​ വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ, രണ്ടുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈകീട്ട് 7.30ഓടെ ഡൽഹിയിൽ എത്തി.

മൗജ്​പുർ ബബർപൂർ മെട്രോ സ്​റ്റേഷന്​ സമീപം യമുന വിഹാറിൽ വാഹനങ്ങൾ അഗ്​നിക്കിരയാക്കി. ജാഫറാബാദിലും മൗജ്​പൂരിലും രണ്ടിലധികം വാഹനങ്ങൾവീതവും കത്തിച്ചിട്ടുണ്ട്​. പരിക്കേറ്റവരെ സമീപത്തെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭജൻപുരയിൽ പെട്രോൾ പമ്പിന് തീയിട്ടു.

ഇതേതുടർന്ന് ജാഫറാബാദ്​, മൗജ്​പൂർ-ബബർപൂർ എന്നിവിടങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഡി.എം.ആർ.സി അടച്ചിട്ടു. സ്​ഥലത്തെ ക്രമസമാധാനം പുനസ്​ഥാപിക്കുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാൾ ഗവർണർ അനിൽ ബൈജാലിനും കേന്ദ്രആഭ്യന്തര മന്ത്രി അമിത്​ ഷാക്കും നോട്ടിസ്​ അയച്ചിട്ടുണ്ട്.

37 പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷങ്ങളിൽ പരിക്കേറ്റതായി ഡൽഹി പോലീസ് അറിയിച്ചു.

24 മണിക്കൂറിനിടയിൽ ഇത് രണ്ടാം തവണയാണ്​ ഡൽഹിയിൽ പൗരത്വ സമരക്കാർക്കുനേരെ  ആക്രമണമുണ്ടാകുന്നത്​​. സംഘർഷത്തി​േൻറതായ നിരവധി വിഡിയോകളാണ്​​ പുറത്തുവന്നത്​. ഇതിൽ അക്രമികൾ ജയ് ശ്രീറാം വിളിക്കുന്നതും കേൾക്കാം. ഇത്​ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. ചുവന്ന ടീഷർട്ടിട്ട ഒരാൾ തോക്കുചൂണ്ടുന്നതായ ചിത്രവും പുറത്തുവന്നതിൽ ഉൾപ്പെടുന്നു.

ക്രമസമാധാനം പുനസ്​ഥാപിക്കാൻ പ്രദേശത്ത്​ അർധ സൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്​. ജാഫറാബാദിൽ പൗരത്വ പ്രതിഷേധക്കാർക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിൻെറ ബാക്കിപത്രമായിരുന്നു ഇന്നത്തെ അക്രമം. അതേസമയം ജാഫറാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സ്​ത്രീകളുടെ ശാഹീൻ ബാഗ്​ മോഡൽ സമരം തുടരുകയാണ്​.

കഴിഞ്ഞ ദിവസം സമരക്കാർക്കുനേരെ ബി.ജെ.പി നേതാവിൻെറ നേതൃത്വത്തിൽ സി.എ.എ അനുകൂലികൾ അക്രമാസക്തരായി എത്തിയതിനെ തുടർന്ന​ുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റിരുന്നു. ഇനിയൊരു ശാഹീൻ ബാഗ്​ അനുവദിക്കില്ല എന്നു പറഞ്ഞ്​ കപിൽ മിശ്രയുടെ നേതൃത്വത്തിലായിരുന്നു ജനക്കൂട്ടം അവിടേക്കെത്തിയത്​

Post a Comment

0 Comments