Top News

മുഖ്യമന്ത്രി താലിബാന്‍ തീവ്രവാദം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു: എ.പി.അബ്ദുള്ളകുട്ടി

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് താലിബാന്‍മോഡല്‍ തീവ്രവാദം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി ആരോപിച്ചു.[www.malabarflash.com]

കാഞ്ഞങ്ങാട് ജാഗ്രതാ സമിതി പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യദ്രോഹികള്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ക്കൊപ്പം പോവുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. ബംഗ്ലാദേശികളായ ഇസ്ലാ തീവ്രവാദികള്‍ക്ക് കേരളത്തില്‍ ഇടം കൊടുക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ജന പിന്തുണ നഷ്ടപ്പെട്ട പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതാണ് നല്ലത്. 

മുസ്ലീം സമുദായത്തിനിടയില്‍ വിദ്വേഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഭാരതം മതേതര രാജ്യമായി നിലനില്‍ക്കുന്നത്. മറ്റേതെങ്കിലും മതം ഭൂരിപക്ഷമായിരുന്നാല്‍ ഭാരതം മതരാഷ്ട്രമായി മാറുമായിരുന്നു. 

ഉത്തരപ്രദേശിലും മംഗ്ലൂരുവിലും കലാപമുണ്ടാക്കിയവര്‍ക്ക് കേരളത്തിലെ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. മുസ്ലീംങ്ങള്‍ക്ക് ഭാരതത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം മുസ്ലീം രാജ്യങ്ങളില്‍പോലും ലഭിക്കുന്നില്ല. മതസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് ചില ആളുകള്‍ മുസ്ലീം സമുദായത്തെ തെറ്റായ വഴിയിലേക്ക് തെളിക്കുകയാണ്. 

നേര്‍വഴിക്ക് നയിക്കപ്പെടേണ്ടവര്‍ വിവരമില്ലാത്തവരായി മാറുകയാണ്. നുണകള്‍ പ്രചരിപ്പിച്ച് കേരളത്തില്‍ ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇവിടെ നടപ്പാകില്ലെന്നും അബ്ദുള്ള കുട്ടി പറഞ്ഞു. 

യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.ബല്‍രാജ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എസ്.പി.ഷാജി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് നാരായണന്‍ വാഴക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി കാഞ്ഞങ്ങാട മണ്ഡലം പ്രസിഡന്റ്എന്‍.മധു സ്വാഗതവും ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.വി.ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post