LIVE TV
Top
Reading Problem? Download Font
Latest Post

എന്‍ഡോസള്‍ഫാന്‍: തലവളരുന്ന രോഗവുമായി പിറന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി

Written By news desk on Thursday, October 23, 2014 | 10:48

കാസര്‍കോട്: വിഷ മഴ പെയ്ത മണ്ണില്‍ അനുദിനം തലവളര്‍ന്നു വരുന്ന വിചിത്ര രോഗവുമായി എന്‍മകജെയില്‍ പെര്‍ലയില്‍ പിറന്ന കുരുന്ന് മരണത്തിനു കീഴടങ്ങി. തലവളരുന്ന രോഗവുമായി (ഹൈഡ്രോസെഫാലസ്) പെര്‍ല പര്‍ത്താജെയിലെ സുന്ദരനായികിനും ഭാര്യ താരയ്ക്കും പിറന്ന ആണ്‍കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് മരിച്ചത്. 

കുട്ടിയുടെ ചികില്‍സയക്കും ശസ്ത്രക്രിയയ്ക്കും ജില്ലാ ഭരണകൂടവും എന്‍ഡോസള്‍ഫാന്‍ സെല്ലും ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കുട്ടിയെ അടിയന്തരശസ്ത്രക്രിയയക്ക് വിധേയനാക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മംഗലാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസം മുന്‍പ് പിറന്ന കുട്ടിക്ക് കണ്‍പോളകളും ഇടതുചെവിയും ഇല്ലായിരുന്നു.Keywords: Kasaragod, Endosulfan, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാമെന്ന് കോടതി

ലഖ്‌നൗ: മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാമെന്ന് അലഹബാദ് ഹൈക്കോടതി. നിര്‍ബന്ധിച്ച് പണം വാങ്ങുന്നതും മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും ' ഭര്‍ത്താവിനെതിരെയുള്ള ക്രൂരത' യായി കണക്കാമെന്നും ഇത്തരം സാഹചര്യത്തില്‍ വിവാഹ മോചനം അനുവദിക്കാമെന്നും കോടതി അറിയിച്ചു.

ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ളവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്നും കോടതി വിധിച്ചു. ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് മഹേന്ദ്ര ദയാല്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് നിര്‍ണ്ണായ വിധി പുറപ്പെടുവിച്ചത്.

ലഖ്‌നൗവില്‍ നിന്നുള്ള ദമ്പതികളായ രാധിക, അശോക് എന്നിവര്‍ക്ക് വിവാഹ മോചനം നല്‍കി കൊണ്ടാണ് കോടതി വിധി. 1991 ഫെബ്രുവരിയില്‍ ഇരുവരും വിവാഹതിരായതിന് ശേഷം ഭര്‍ത്താവിന്റെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ നിരന്തരം രാധിക നിര്‍ബന്ധിച്ചിരുന്നതായി കോടതി കണ്ടെത്തി. 

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും മറ്റുമായി മാസത്തില്‍ 3000 രൂപ ഭര്‍ത്താവില്‍ നിന്ന് കൈപറ്റിയിരുന്നതായും കോടതി അറിയിച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും രാധിക ശാരീരകമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധന പീഡനത്തിന് കേസ് കൊടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

1991 നല്‍കിയ കേസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. രാധികക്ക് ജീവനാംശവും കോടതി നിഷേധിച്ചിട്ടുണ്ട്.Keywords: National News,  MalabarFlash, Malabar Vartha, Malabar News, Malayalam News

ശതാബ്ദി സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍കുഴഞ്ഞു വീണ് എന്‍എസ്എസ് നേതാവ് മരിച്ചു

അമ്പലപ്പുഴ: എന്‍എസ്എസ് ശതാബ്ദി ആഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണ താലൂക്ക് യൂണിയന്‍ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ ചികില്‍സയ്ക്കിടെ മരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ ഹരിപ്പാട് മുട്ടം കൈലാസില്‍ എ. നാരായണപ്പണിക്കര്‍ (എ.എന്‍. പണിക്കര്‍ -73)ആണു ബുധനാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ 1572-ാം നമ്പര്‍ കോമന എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന എന്‍എസ്എസ് ശതാബ്ദി ദക്ഷിണമേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ ഏഴിനാണ് എ.എന്‍. പണിക്കരെ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തത്. ദീര്‍ഘകാലം എന്‍എസ്എസ് കാര്‍ത്തികപ്പളളി യൂണിയന്‍ വൈസ് പ്രസിഡന്റായും പന്തളം മന്നം ഷുഗര്‍മില്ല് മാനേജിങ് ഡയറക്ടര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുട്ടം 2384-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാനും എന്‍എസ്എസ് ഹ്യുമന്‍ റിസോഴ്‌സ് സെന്റര്‍ ചെയര്‍മാനുമായിരുന്നു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ ആശുപത്രിയിലും ഹരിപ്പാട് യൂണിയന്‍ ഓഫിസിലുമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഭാര്യ:സുഗുണ (സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥ. )മക്കള്‍: അരുണ്‍ (മര്‍ച്ചന്റ് നേവി , ബാംഗ്ലൂര്‍), പ്രിയ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, കൊച്ചി). മരുമക്കള്‍: സംഗീത, സുരേഷ്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ കാര്‍ ഡ്രൈവര്‍ കുത്തേററ് മരിച്ചു

കൊട്ടാരക്കര: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. വെട്ടിക്കവല മുട്ടവിള കാഞ്ഞിരംവിള വീട്ടില്‍ ഷാജിമോനാണ് (33) മരിച്ചത്. ഷാജിമോനൊപ്പം ഉണ്ടായിരുന്ന മൂന്നംഗ സംഘത്തിന്റെ കുത്തേറ്റു ചെങ്ങമനാട് പൈങ്ങോട്ട് വീട്ടില്‍ ഷാജി ജോര്‍ജിനെ (37) ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച പകല്‍ ഒന്നോടെ ചെങ്ങമനാട് ജംക്ഷനു സമീപമാണു സംഭവം.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഷാജിമോനുള്‍പ്പെട്ട നാലംഗ സംഘം വീട്ടിലെത്തി ഷാജി ജോര്‍ജിനെ വിളിച്ചിറക്കുകയായിരുന്നു. വീടിനു പരിസരത്തെ ഇടവഴിയിലെത്തി ഷാജിമോനും ഷാജി ജോര്‍ജും തമ്മില്‍ സംസാരിച്ചു തുടര്‍ന്നു വാക്കേറ്റമായി. വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു.

ഗള്‍ഫിലായിരുന്ന ഷാജി ജോര്‍ജ് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മൂന്നാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. ഷാജിമോനും ഷാജി ജോര്‍ജും തമ്മില്‍ പൂര്‍വവൈരാഗ്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതെ തുടര്‍ന്നായിരുന്നു ഇന്നലത്തെ സംഭവങ്ങള്‍. മരിച്ച ഷാജിമോന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സഹദേവന്റെ കാര്‍ ഡ്രൈവറാണ്. സംഭവത്തിനു രാഷ്ട്രീയബന്ധമില്ല. അനീഷ്യയാണു ഭാര്യ. മകന്‍: ശിവ.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തിയ വീട്ടിലേക്കുളള യാത്രക്കിടയില്‍ മരിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയെത്തിയ സ്ത്രീ വീട്ടിലേക്കുളള യാത്രക്കിടയില്‍ മരിച്ചു. തിരുവനന്തപുരം പനച്ചമൂട് ബൈത്തനൂര്‍ വീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഫാത്തിമബീവി(83)യാണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരക്കെത്തിയ സൗദി വിമാനത്തിലാണ് ഫാത്തിമബീവിയും മകന്‍ അബ്ദുള്‍സമദും മടങ്ങിയെത്തിയത്. വിമാനമിറങ്ങിയ ശേഷം, സ്വീകരിക്കാനെത്തിയ ബന്ധുക്കളോടൊപ്പം വിമാനത്താവളത്തിനടുത്തുള്ള മുസഫര്‍ഖാനയില്‍ കുളിക്കാന്‍ പോയ ഫാത്തിമാബീവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നാലരയോടെ മരണപ്പെടുകയായിരുന്നു. 

മൃതദേഹം വൈകുന്നേരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മക്കള്‍: അബ്ദുള്‍കലാം, അബ്ദുസമദ്, അബ്ദുള്‍ റഷീദ്, അഡ്വ. ഷാജുദീന്‍ (പബ്ലിക് പ്രോസിക്യൂട്ടര്‍, നെയ്യാറ്റിന്‍കര), ഷബീലബീവി, ജന്നത്ത്ബീവി, നൂറുല്‍ഹുദ. മരുമക്കള്‍: സുല്‍ഫത്ത്, സബീന, ഫാസ്‌ക, ഷരീഫ്, സുനില്‍ഖാന്‍ (സോഷ്യലിസ്റ്റ് ജനത നേമം മണ്ഡലം പ്രസിഡന്റ്).Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

വിജയ്‌യുടെ സിനിമാ പോസ്റ്ററില്‍ പാലഭിഷേകത്തിനു കയറിയ യുവാവ് വീണ് മരിച്ചു

വടക്കഞ്ചേരി: തമിഴ് നടന്‍ വിജയ്‌യുടെ സിനിമാപോസ്റ്ററില്‍ പാലഭിഷേകം നടത്താന്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡില്‍ കയറിയ യുവാവ് താഴെ വീണു മരിച്ചു. വടക്കഞ്ചേരി കറ്റുകോട് താമസിക്കുന്ന ശിവദാസന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(25) ആണു മരിച്ചത്. വിജയ് ഫാന്‍സ് വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറിയാണ് ഉണ്ണിക്കൃഷ്ണന്‍. ബുധനാഴ്ച രാവിലെ ഒന്‍പതോടെ വടക്കഞ്ചേരി ജയഭാരത് മൂവീസിലാണ് അത്യാഹിതം.

വിജയ്‌യുടെ കത്തി എന്ന സിനിമ ബുധനാഴ്ചയാണ് റിലീസ് ചെയ്തത്. അതിന്റെ പ്രചാരണാര്‍ഥം വിജയ് ഫാന്‍സ് തിയറ്ററിനോട് ചേര്‍ന്ന് 30 അടി ഉയരമുളള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അതില്‍ പാലഭിഷേകം നടത്തുന്നതിനായി ഉണ്ണിക്കൃഷ്ണനും ഫാന്‍സ് പ്രവര്‍ത്തകരായ പ്രഭു, രാകേഷ്, ഗ്രിഗറി എന്നിവരും പാലുമായി തിയറ്റര്‍ കെട്ടിടത്തില്‍ കയറിയതാണ്. വാദ്യമേളങ്ങളുമായി ഫാന്‍സുകാര്‍ താഴെ നിന്നിരുന്നു.

പാലഭിഷേകം നടത്തിയശേഷം ആവേശത്തോടെ കെട്ടിടത്തിനു മുകളിലൂടെ ഓടുന്നതിനിടയില്‍ ആസ്ബസ്‌റ്റോസ് ഷീറ്റ് തകര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ താഴെയുണ്ടായിരുന്ന പഴയ കസേരയിലേക്കു വീഴുകയായിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ മരിച്ചു. നിര്‍മാണ തൊഴിലാളിയാണ് ഉണ്ണിക്കൃഷ്ണന്‍. അമ്മ: ഷീല. സഹോദരങ്ങള്‍: വിഷ്ണു, ത്രിവേണി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

മകളെ കൊലപ്പെടുത്തിയത് കാമുകിയുമായുള്ള ബന്ധത്തിനു തടസ്സം നിന്നത് കാരണം

ഇരിങ്ങാലക്കുട: മകളെ കൊലപ്പെടുത്തിയത് കാമുകിയുമായുള്ള ബന്ധത്തിനു തടസ്സം നിന്നത് കാരണം. പൊറത്തിശ്ശേരി പള്ളിക്കാട് റോഡില്‍ പള്ളന്‍ വീട്ടില്‍ ഫെമിയെ (14) കൊലപ്പെടുത്തി റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കേസില്‍ പിതാവ് ബെന്നി (42), ബെന്നിയുടെ കാമുകി തിരൂര്‍ വെട്ടം സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ വിനിത (38), വിനിതയുടെ 16 വയസുകാരനായ മകന്‍, ബെന്നിയുടെ പന്ത്രണ്ട് വയസുകാരനായ മകന്‍ എന്നിവരാണു പിടിയിലായത്. 

ചൊവ്വാഴ്ച രാത്രി എട്ടോടെ കോഴിക്കോട് വെള്ളയില്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു ഡിവൈഎസ്പി പി.എ. വര്‍ഗീസ്, സിഐ ആര്‍. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. 18 വര്‍ഷം മുന്‍പു വിവാഹിതനായ ബെന്നി രണ്ടു വര്‍ഷമായി ഭാര്യ ജൂലിയില്‍നിന്ന് അകന്നു കുട്ടികളോടൊപ്പം പൊറത്തിശ്ശേരിയിലുള്ള വീട്ടിലാണു താമസിച്ചിരുന്നത്.

എന്നാല്‍ മാര്‍ച്ച് 20 മുതല്‍ ബെന്നിയും മക്കളും വീട്ടില്‍നിന്ന് അപ്രത്യക്ഷരായിരുന്നു. ജൂലിയുമായുള്ള വിവാഹമോചന കേസില്‍ ബെന്നിയും മക്കളും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നു ജൂലി പൊലീസില്‍ പരാതി നല്‍കി. നാലു മാസമായിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ബെന്നിയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ സഹിതം 19നു പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

പരസ്യം നല്‍കി അടുത്ത ദിവസം തിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചമ്രവട്ടത്ത് ബെന്നിയുണ്ടെന്ന് ഇരിങ്ങാലക്കുട പൊലീസിന് അറിവ് ലഭിച്ചു. തുടര്‍ന്നു തിരൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. പിന്നീട് ഇരിങ്ങാലക്കുടയിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 

പൊറത്തിശ്ശേരിയില്‍നിന്നു മക്കളെയും കൊണ്ടുപോയ പ്രതി ചമ്രവട്ടത്തുള്ള വിനിതയുടെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. വിനിതയുമായുള്ള ബെന്നിയുടെ ബന്ധത്തെ എതിര്‍ത്തതും അമ്മയായ ജൂലിയെ കാണണമെന്നു വാശിപിടിച്ചതുമാണു മകളെ കൊലപ്പെടുത്താനുള്ള കാരണമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 20നാണു കൊലപാതകം നടന്നത്. കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പു പ്രതികള്‍ തിരിച്ചറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ തലമുടി വടിച്ചു കളഞ്ഞിരുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നതിനു 20നു കോഴിക്കോട് വെള്ളയില്‍ ബീച്ചിലെത്തിയെങ്കിലും ജനത്തിരക്കു മൂലം കഴിഞ്ഞില്ല. തുടര്‍ന്നു മെഡിക്കല്‍ഷോപ്പില്‍നിന്ന് ഉറങ്ങാനുള്ള ഗുളിക വാങ്ങി കുട്ടി കാണാതെ പാനീയത്തില്‍ കലര്‍ത്തി നല്‍കി. മയങ്ങിയ കുട്ടിയെ ബീച്ചിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി വിനിതയുടെയും മക്കളുടെയും സഹായത്തോടെ ബെന്നി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം റയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. 

റയില്‍വേ ട്രാക്കില്‍നിന്നു മൃതദേഹം ലഭിച്ചെങ്കിലും തല മുണ്ഡനം ചെയ്തതിനാലും ട്രെയിന്‍ കയറി മൃതദേഹം വികൃതമായതിനാലും തിരിച്ചറിയാനായില്ല. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. 

രക്ഷപ്പെട്ടെന്നു കരുതിയിരിക്കുന്നതിനിടെയാണു പത്രപരസ്യം പ്രതികളെ കുടുക്കിയത്. എസ്‌ഐ എം.ജെ. ജിജോ, എഎസ്‌ഐ കെ. പ്രദീപ്, സീനിയര്‍ സിപിഒമാരായ ടി.യു. സുരേഷ്, എന്‍.കെ. അനില്‍കുമാര്‍, അനില്‍ തോപ്പില്‍, സി.പി. വിജു, വി.കെ., അബൂബക്കര്‍, സിപിഒമാരായ സി.ആര്‍. രാജേഷ്, മുഹമ്മദ് സാലി, ടി.ബി. വഹദ്, വനിതാ സിപിഒ അപര്‍ണ ലവകുമാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

കാസര്‍കോട്ട് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി കെ.എം.സി.സി

Written By news desk on Wednesday, October 22, 2014 | 22:00

ദുബൈ: ആതുര സേവന രംഗത്ത് പുതുചരിത്രം കുറിക്കുകയാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി. അശരണര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍ധനരും നിരാലംബരുമായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതിയാണ് കെ.എം.സി.സി നടപ്പിലാക്കുന്നത്. സ്‌നേഹ സാന്ത്വനം എന്നപേരിലുള്ള പദ്ധതി നവംബറോടെ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത്.

സ്‌നേഹ സാന്ത്വന പദ്ധതി നടപ്പില്‍ വരുത്തുന്നതിന് വേണ്ടി മണ്ഡലം സെക്രട്ടറി പി.ടി നൂറുദ്ദീന്‍ ആറാട്ടുകടവിനെ ചുമതലപ്പെടുത്തി. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഗഫൂര്‍ എരിയാല്‍, ഷരീഫ് പൈക്ക, സലീം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി ജാതിമത ഭേദമന്യേയുള്ള നിര്‍ധനരും നിരാലംബരുമായ വൃക്ക രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

മണ്ഡലത്തിലെ തൊഴില്‍ രഹിതരായ എട്ട് യുവാക്കള്‍ക്ക് സൗജന്യമായി ഓട്ടോ റിക്ഷകള്‍ നല്‍കിയും നിര്‍ധനരായ യുവതികള്‍ക്ക് 100 തയ്യല്‍ മെഷീന്‍ നല്‍കിയും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മാതൃകയായിരുന്നു. വീടില്ലാത്ത പാവങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്ന ബൈത്തു റഹ്മ പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്ന സ്‌നേഹ സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്.

കെ.എം.സി.സിയുടെ സഹായഹസ്തം പാവപ്പെട്ട രോഗികളിലേക്ക് കൂടി നീളുന്നതോടെ അത് നിരാലംബരായ അനവധി പേര്‍ക്ക് ജീവിതത്തിലേക്കുള്ള പ്രതീക്ഷ നല്‍കും. നിലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭാരിച്ച ചെലവില്‍ മംഗലാപുരത്തെയും കാസര്‍കോട്ടെ ചില സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചില സ്ഥലങ്ങളില്‍ ഇടയ്ക്കിടെ സേവനം തകരാറിലാകുന്ന സ്ഥിതിയും ഉണ്ട്. പ്രവാസികളുടെ കൂട്ടായ്മ ഈ രംഗത്തേക്ക് കൂടി കടന്നുവരുന്നതോടെ അത് നിരവധി പേരുടെ പ്രതീക്ഷകള്‍ക്ക് തിരിതെളിക്കും.


Keywords: Kasaragod, KMCC, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത സര്‍വ്വേയ്ക്ക് വേഗത കൂട്ടാന്‍ കര്‍മ്മസമിതി പദ്ധതി

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാതയുടെ സര്‍വ്വേ നടപടികള്‍ക്ക് വേഗത കൂട്ടുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ പി.കരുണാകരന്‍ എംപിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.

2015-16 കേന്ദ്ര റെയില്‍ ബജറ്റിന് മുമ്പായി സര്‍വ്വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള പ്രേരണ നല്‍കുന്നതിനും ഉടന്‍തന്നെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുന്നതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമുള്ള കര്‍മ്മ പരിപാടികള്‍ക്കാണ് കര്‍മ്മസമിതി രൂപം നല്‍കിയത്.
25ന് ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തുന്ന കേന്ദ്ര റെയില്‍മന്ത്രി സദാനന്ദ ഗൗഡയെ പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതിയ ഭാരവാഹികള്‍ കണ്ട് സര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കും. 

നവംബര്‍ 11ന് കാഞ്ഞങ്ങാട്ടും, 16ന് കര്‍ണ്ണാടകയിലെ സുള്ള്യയിലും വിപുലമായ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. പാത കടന്ന് പോകുന്ന പ്രദേശങ്ങളിലെ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നഗരഭരണ സാരഥികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വികസനസമിതി ഭാരവാഹികള്‍ തുടങ്ങിയവരെ യോഗത്തില്‍ പങ്കെടുപ്പിക്കും.
സര്‍വ്വേയ്ക്കും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍മ്മസമിതികള്‍ ഭാരവാഹികള്‍ പദ്ധതി പ്രദേശങ്ങളില്‍ പര്യടനം നടത്തി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളെ നേരില്‍കണ്ട് സംസാരിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കര്‍മ്മസമിതി നിവേദനം നല്‍കും.
സമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ യോഗത്തില്‍ അദ്ധ്യക്ഷനായി. പി.കരുണാകരന്‍ എംപി, മടിക്കൈ കമ്മാരന്‍, സി.യൂസഫ്ഹാജി, എം.പൊക്ലന്‍, സൂര്യനാരായണ ഭട്ട്, എം.കുഞ്ഞിക്കൃഷ്ണന്‍, എ.ഹമീദ്ഹാജി, സി.എ.പീറ്റര്‍, ടി.മുഹമ്മദ് അസ്‌ലം, എം.ശ്രീകണ്ഠന്‍നായര്‍, സി.മുഹമ്മദ്കുഞ്ഞി, ബി.സുകുമാരന്‍, കെ.മുഹമ്മദ്കുഞ്ഞി, അജയ്കുമാര്‍ നെല്ലിക്കാട്ട്, അഡ്വ.എം.വി.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം: എസ്.ടി.യു

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് അനുവദിച്ച് തറക്കല്ലിട്ടുകഴിഞ്ഞ ബദിയടുക്കയിലെ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് എസ്.ടി.യു. കാസര്‍കോട്ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും ഫെഡറേഷന്‍ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു. 

ഇതോടൊപ്പം അനുവദിച്ച മറ്റു ജില്ലകളിലെ മെഡിക്കല്‍കോളജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതില്‍ യോഗം ഉല്‍കണ്ഠരേഖപ്പെടുത്തി. 

ഈ ആവശ്യം ഉന്നയിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്നിന് കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണാ സമരം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി ദേശീയതലത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ നടത്തുന്ന രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടിയില്‍ ജില്ലയില്‍ എസ്.ടി.യു.വിന്റെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ യോഗം തീരുമാനിച്ചു. 

ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു. എ.അഹമ്മദ് ഹാജി, ബി.കെ.അബ്ദുസമദ്, ശരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, കുഞ്ഞാമദ് കല്ലൂരാവി, കെ.എം.സി. ഇബ്രാഹിം, കെ.എ. മുസ്തഫ, പി.ഐ.എ. ലത്തീഫ്, എം.എ. മക്കാര്‍, മുജീബ് കമ്പാര്‍, എം.കെ. അലി, അഷ്‌റഫ് എടനീര്‍, യൂനുസ് വടകരമുക്ക്, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ഹമീദ് പള്ളത്തടുക്ക, ബി.പി. മുഹമ്മദ്, മുംതാസ് സമീറ, കരീം കുശാല്‍ നഗര്‍, ജാഫര്‍ മൂവാരിക്കുണ്ട് സംസാരിച്ചു.


Keywords: Kasaragod, Stu, Kasaragod Medical Collage, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
 
Copyright © 2013. MALABAR FLASH - All Rights Reserved