Top News

'മരിച്ചുപോയ അമ്മ സ്വപ്നത്തിൽവന്ന് വിളിച്ചു'; പത്താംക്ലാസില്‍ 92% മാർക്ക് വാങ്ങിയ 16-കാരൻ ജീവനൊടുക്കി

സോലാപുര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അമ്മ മരിച്ചതില്‍ മനംനൊന്ത് 16-കാരൻ തൂങ്ങിമരിച്ചനിലയില്‍. വെളളിയാഴ്ചയാണ് ശിവശരണ്‍ ഭൂതലി താല്‍കോതിയെ സോലാപുരിലുള്ള അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ശിവശരണ്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ മനംനൊന്താണ് ശിവശരണ്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. ശിവശരണൻ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ശിവശരണ്‍ അമ്മയെ സ്വപ്‌നം കണ്ടിരുന്നതായും തന്റെ അടുക്കലേക്ക് വരാന്‍ അമ്മ സ്വപ്‌നത്തില്‍ പറഞ്ഞതായും ശിവശരണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 'അമ്മ മരിച്ചപ്പോള്‍ തന്നെ ഞാനും പോകേണ്ടതായിരുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം ഓര്‍മയില്‍ വന്നതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. കഴിഞ്ഞദിവസം അമ്മയെ സ്വപ്‌നത്തില്‍ കണ്ടു, അരികിലേക്ക് വരാന്‍ അമ്മ നിര്‍ദേശിച്ചതനുസരിച്ച് ഞാനും പോവുകയാണ്. മരണശേഷം എന്റെ അനിയത്തിയെ നന്നായി നോക്കണം. അമ്മാവനും മുത്തശ്ശിയും തന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അച്ഛനെയും അമ്മയെക്കാളും എന്നെ നന്നായി നോക്കിയത് അമ്മാവനും മുത്തശ്ശിയുമാണ്, അതിന് നന്ദിയുണ്ട്- ആത്മഹത്യ കുറിപ്പില്‍ ശിവശരണ്‍ എഴുതി. 

പ്രിയപ്പെട്ടവര്‍ പിന്റ്യാ എന്നാണ് ശിവശരണെ വിളിച്ചിരുന്നത്. നിങ്ങളുടെ സ്വന്തം പിന്റ്യാ എന്നുപറഞ്ഞുകൊണ്ടാണ് ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്.

നീറ്റ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശിവശരണ്‍. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്കും നേടിയിരുന്നു. ഡോക്ടറാകാനായിരുന്നു ശിവശരണിന്‍റെ ആഗ്രഹമെന്ന് ബന്ധുക്കൾ പറയുന്നു. സോലാപുര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ ശിവശരണ്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post