Top News

മില്‍മയുടെ വ്യാജനായി എത്തിയ 'മില്‍ന'യ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി



തിരുവനന്തപുരം: മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.


മില്‍മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.


മില്‍മയ്ക്ക് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്നും മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടി കൈക്കൊള്ളുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post