Top News

ജനവാസ മേഖലയിൽ വീടുകളിലേക്ക് ഇടിച്ച് കയറി വിമാനം, നിരവധി മരണം, സ്വകാര്യ വിമാനം കത്തിനശിച്ചു

സാൻഡിയാഗോ: അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് നിരവധിപ്പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സാൻഡിയാഗോയിലെ മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറിയത്.[www.malabarflash.com] 

പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അലാസ്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവിയേറ്റർ എൽഎൽസിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൂർണമായി തകർന്ന വിമാനത്തിന്റെ പിൻ ഭാഗത്ത് നിന്ന് ലഭിച്ച എൻ666ഡിഎസ് എന്ന നമ്പറിനെ അടിസ്ഥാനമാക്കി അന്തർ ദേശീയ മാധ്യമങ്ങൾ വിമാനത്തിന്റെ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വിമാനം സാൻഡിയാഗോയിലെ ഏറ്റവും വലിയ മിലിട്ടറി ഹൌസിംഗ് കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറിയത്. 10ലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിൽ തീ പടരുകയും വിമാനത്തിൽ നിന്നുള്ള ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതിന് പിന്നാലെ നിരവധി കാറുകളും ഇവിടെ കത്തിനശിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് നൂറിലേറെ പേരെയാണ് നിലവിൽ ഒഴിപ്പിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post