NEWS UPDATE

6/recent/ticker-posts

പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് അന്തരിച്ചു


നീലേശ്വരം:  പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് (80) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് പി വി എസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച രാവിലെ നീലേശ്വരത്തേക്ക് കൊണ്ടുവരും. രാവിലെ 9. 30 ന് ചിറപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിനു വെക്കും.[www.malabarflash.com]

1944 നവംബർ 15 ന് പാലക്കാട് ജില്ലയിലെ കോങ്ങാട് പരേതരായ പി എ രാമനുണ്ണി പണിക്കരുടെയും സൗദാമിനിയുടെയും മകനായി ജനിച്ച ഇദ്ദേഹം കോഴിക്കോട്് സാമൂതിരി എച്ച് എസ് എസിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. ആലുവ യു സി കോളേജിലും പഠിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായത്.

ക്ലിനിക്കൽ നെഫ്രോളജി, അക്യു ചൈനീസ് ചികിത്സാരീതി, മനശാസ്ത്രത്തിലും സൈക്കോ സെക്ഷ്വൽ മെഡിസിനിലും പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവയും നേടി. 2011 ൽ ബി ബി സി ഇദ്ദേഹത്തെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററി ബി ബി സിയിലും പിന്നീട് ആനിമൽ പ്ലാനറ്റ്, ഡിസ്‌കവറി ചാനലിലും സംപ്രേക്ഷണം ചെയ്തു. നിരവധി ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു.

എം ബി ബി എസ് നേടിയ ശേഷം വയനാട് ഫാത്തിമ മിഷൻ ആശുപത്രിയിലാണ് സേവനം തുടങ്ങിയത്. കേരള ആരോഗ്യ വകുപ്പിൽ 1972 മുതൽ 1984 വരെ അസിസ്റ്റന്റ് സർജനായി ജോലി ചെയ്തു. 1984 ൽ സർക്കാർ സർവീസിൽ നിന്ന് രാജിവെച്ച ശേഷമാണ് സ്വന്തം നിലയിൽ പ്രാക്ടീസ് തുടങ്ങിയത്. സൈക്കോളജിക്കൽ കൗൺസിലിങ്ങും ചെയ്തിരുന്നു.

ഭാര്യ: പരേതയായ ഗീത കുറുപ്പത്ത്. മക്കൾ: ഡോ.രാധിക മനോജ് (യു കെ), രഞ്ജിത് ഗൗതം. മരുമകൻ: ഡോ. മനോജ് രവീന്ദ്രൻ (കൺസൽട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ്, യു കെ).

നീലേശ്വരത്തിന്റെ ഹൃദയം കവർന്ന ജനകീയ ഡോക്ടർ 
 പാലക്കാട്ട് ജനിച്ച് കോഴിക്കോട്ടും ആലുവയിലുമായി പഠിച്ച് പിന്നീട് നീലേശ്വരത്ത് സ്ഥിരതാമസമാക്കുകയും നീലേശ്വരത്തിന്റെ ഹൃദയം കവരുകയും ചെയ്ത ജനകീയ ഡോക്ടർ ആയിരുന്നു പ്രമുഖ വിഷചികിത്സകനായ ഡോ ഹരിദാസ് വേർക്കോട്ട്.

പാലക്കാട് കോങ്ങാട് സ്വദേശിയായ ഡോക്ടർ 1971 മുതൽ നീലേശ്വരത്തായിരുന്നു താമസം. അലോപ്പതിയിൽ വിഷ ചികിത്സ എന്നൊരു പ്രത്യേക ശാഖയില്ലെങ്കിലും സ്വപ്രയത്‌നം കൊണ്ടാണ് ഡോ ഹരിദാസ് ഈ മേഖലയിൽ പ്രാവീണ്യം നേടിയത്. 

വിഷബാധയേറ്റ് ജീവിതം കൈവിട്ട ആയിരങ്ങളെയാണ് ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 40 വർഷത്തിൽ ഏറെ നീലേശ്വരം ചിറപ്പുറത്ത് ഇദ്ദേഹം ക്ലിനിക് നടത്തി. വിഷബാധയേറ്റു വരുന്നവരെ ഇവിടെ തന്നെ ചികിത്സിക്കുകയും ചെയ്തു. 

ഇദ്ദേഹം ഈ മേഖലയിലേക്കെത്തിയതും യാദൃശ്ചികമായാണ്. 1968 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് കഴിഞ്ഞ് വയനാട് ഫാത്തിമ മിഷൻ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ അന്ന് 44 രൂപ വിലയുള്ള നാല് ആംപ്യൂൾ ആന്റിവെനം വെറുതെ കീശയിൽ കരുതിയ കൗതുകത്തിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. 

ആദ്യ ചികിത്സയിൽ തന്നെ പാമ്പുകടിയേറ്റെത്തിയ വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തി. 1971 ൽ കേരള ആരോഗ്യവകുപ്പിൽ അസി. സർജനായി ജോലിയിൽ പ്രവേശിച്ചു. മടിക്കൈ, കരിന്തളം, തൈക്കടപ്പുറം റൂറൽ ഡിസ്‌പെൻസറികളിൽ ജോലി ചെയ്തു. 1984 ൽ സർക്കാർ സർവീസിൽ നിന്ന് രാജിവെച്ച് ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് തുടങ്ങി. 

ദേശവിദേശങ്ങളിൽ നിന്ന് സന്ദർശകർ ഇദ്ദേഹത്തെ തേടി വരുമായിരുന്നു. അമേരിക്കയിലെ പാമ്പ് വളർത്തൽ വിദഗ്ധനായ റോമിലസ് വിറ്റാർക്കർ ഇദ്ദേഹത്തെ കാണാനെത്തുമായിരുന്നു. ബൈറ്റ് ഓഫ് ല ലിവിങ് ഡെഡ് എന്ന ബി ബി സി ഡോക്യുമെന്ററി ബി ബി സിക്കു പുറമെ ആനിമൽ പ്ലാനറ്റ്, ഡിസ്‌കവറി ചാനലുകളും സംപ്രേക്ഷണം ചെയ്തു. 2005 ൽ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ മെഡിസിൻ തലവൻ പ്രൊഫ ഡേവിഡ് വാറനും ഡോ ഹരിദാസ് വേർക്കോട്ടിനും ഒരുമിച്ചാണ് മംഗളൂരുവിലെ ഒമേഗാ ആശുപത്രിയിൽ സ്വീകരണം നൽകിയത്. 

2015 ൽ മികച്ച ഡോക്ടർക്കുള്ള പി എൻ പണിക്കർ പുരസ്‌കാരം, ചികിത്സാമികവിന് 2022 ൽ നീലേശ്വരം കാവിൽഭവൻ യോഗപ്രകൃതി ചികിത്സാ ട്രസ്റ്റിന്റെ പ്രഥമ യോഗാചാര്യ എം കെ രാമൻ മാസ്റ്റർ പുരസ്‌കാരം എന്നിവ നേടി. കോട്ടക്കൽ ആര്യവൈദ്യശാലയിൽ നടന്ന അന്തർദേശീയ സെമിനാറിൽ വിഷചികിത്സയിൽക്ലാസ് എടുത്തു. വായനയിലും എഴുത്തിലും തൽപരനായിരുന്നു.

Post a Comment

0 Comments