ന്യൂഡൽഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ളവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. (www.malabarflash.com)
ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിആർപിഎഫും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങൾ നശിപ്പിച്ചു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
മുതിര്‍ന്ന മാവായിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർക്കുകയും തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബസവരാജ് നിരോധിതസംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇയാൾ.
0 Comments