Top News

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ SFI നേതാവായ കോളേജ് യൂണിയന്‍ സെക്രട്ടറിയും

കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ എസ്എഫ്‌ഐ നേതാവും. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ സെക്രട്ടറിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. (www.malabarflash.com)


ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച എസ്എഫ്‌ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നാണ് പിടിയിലായ കോളേജ് യൂണിയന്‍ സെക്രട്ടറികൂടിയായ അഭിരാജ് പോലീസിന് മൊഴി നല്‍കിയത്.

ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പത്ത് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിന് വേണ്ടുന്ന സാധനങ്ങളും ത്രാസും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധനക്കിടെ മൂന്ന് ആണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Kalamassery Polytechnic drug raid: SFI leader arrested

Post a Comment

Previous Post Next Post