Top News

ഒളിച്ചു കളിക്കിടയില്‍ ടാര്‍ വീപ്പയിൽ കുടുങ്ങിയ നാലരവയസ്സുകാരിയെ മണിക്കൂറുകള്‍ വീണ്ട കഠിനശ്രമത്തിലൂടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

കാസര്‍കോട്: ഒളിച്ചു കളിക്കിടയില്‍ ടാര്‍ വീപ്പയിലേക്ക് ഇറങ്ങിയ നാലരവയസുകാരിയെ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ചട്ടഞ്ചാല്‍, എം.ഐ.സി കോളേജിനു സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.[www.malabarflash.com] 

വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയില്‍ റോഡ് ടാറിംഗിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമയുടെ നെഞ്ചോളം ടാറില്‍ മുങ്ങി. കൂടെ കളിച്ചു കൊണ്ടിരുന്ന സഹോദരിയാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടതായി കണ്ടത്. ഉടന്‍ മാതാവിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 

വെയിലത്ത് ടാര്‍ ഉരുകിയ സമയത്താണ് ഫാത്തിമ വീപ്പയിലേക്ക് ഇറങ്ങിയത്. പിന്നീട് ടാര്‍ തണുത്ത് കട്ടിയായതാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ സണ്ണി ഇമ്മാനുവല്‍ പിയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. 30 ലിറ്റര്‍ ഡീസലുമായാണ് ഫയര്‍ഫോഴ്സ് എത്തിയത്. ഡീസല്‍ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ച ശേഷമാണ് ടാര്‍ ദ്രാവക രൂപത്തിലാക്കി കുട്ടിയെ പുറത്തെടുത്തത്. 

വീപ്പയില്‍ നിന്നു പുറത്തെടുത്ത ശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കം ചെയ്തത്. തുടര്‍ന്ന് ചെങ്കളയിലെ ഇ.കെ നയനാര്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഫയര്‍മാന്മാരായ രാജേഷ് പാവൂര്‍, ജിത്തു തോമസ്, അഭിലാഷ്, അരുണ പി. നായര്‍, ഡ്രൈവര്‍മാരായ പ്രസീത്, രമേശ്, ഹോംഗാര്‍ഡുമാരായ സോജന്‍ എസ്, രാജേഷ് എം.പി എന്നിവരും ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു. 

സമാനമായ രീതിയില്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സമാനസംഭവമാണ് വെള്ളിയാഴ്ച വൈകുന്നേരം ചട്ടഞ്ചാലില്‍ ഉണ്ടായത്. നേരത്തെ കാഞ്ഞങ്ങാട് 11 വയസ്സുള്ള കുട്ടിയാണ് സമാന രീതിയില്‍ അപകടത്തില്‍പെട്ടത്.

Post a Comment

Previous Post Next Post