Top News

സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊന്ന് എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 93 ലക്ഷം രൂപ കവർന്നു

ബംഗളൂരു: എ.ടി.എമ്മിൽ നിറക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു. എസ്.ബി. ഐയുടെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നത്. രണ്ട് സെക്യൂരിറ്റി ജീവനക്കാരും തൽക്ഷണം മരിച്ചു.[www.malabarflash.com]


കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. ഗിരി വെങ്കടേഷ് ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മോഷ്ടാക്കൾ പണവുമായി കടന്നുകളയുകയായിരുന്നു.

തിരക്കുള്ള ശിവാജി ചൗക്കിലെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ മോഷ്ടാക്കൾ നിറയൊഴിച്ചത്. മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്.

കൊള്ള നടത്തിയ രണ്ട് പ്രതികളെയും കർണാടക പോലീസ് സാഹസികമായി പിടികൂടി. ഹൈദരാബാദിൽ നിന്നാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ പ്രതികൾ വെടിയുതിർത്തതോടെ പോലീസും തിരിച്ച് വെടിവെച്ചു. ഇതിൽ ഒരു പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്.

ബിദറിൽ മോഷണം നടത്തി വൻ തുകയുമായി രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലെ അഫ്സൽ ഗഞ്ജിൽ ഉള്ള ഒരു ട്രാവൽ ഓഫീസിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ കിട്ടിയ പൊലീസ് പിന്തുടർന്ന് സ്ഥലം വളഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോൾ പ്രതികൾ ട്രാവൽസ് ഓഫീസിനുള്ളിൽ നിന്ന് പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. പിന്നാലെ പോലീസും തിരികെ വെടിവെച്ചുകൊണ്ട് അകത്തേക്ക് ഇരച്ചുകയറി. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്തുവിടും.

Post a Comment

Previous Post Next Post