NEWS UPDATE

6/recent/ticker-posts

കൊടുവള്ളി സ്വർണ്ണകവർച്ചയിൽ വൻ ട്വിസ്റ്റ്; ക്വട്ടേഷൻ നൽകിയത് കട ഉടമയുടെ സുഹൃത്ത്, കേസിൽ അഞ്ചു പേര്‍ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പോലീസ്.[www.malabarflash.com]


കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി വടകര റൂറൽ എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. വലിയൊരു സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്‍റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. ബൈജുവിന്‍റെ സുഹൃത്താണ് രമേശ്. രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാൻ രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയതെന്നും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിർമ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്നും ഇടിച്ചിട്ടത് . സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറും ആയിട്ടാണ് പ്രതികൾ എത്തിയത്. സിസിടിവികളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. രമേശ്‌, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരെ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 1.3 കിലോയോളം സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.

ബൈജുവിന്റെ വരവും പോക്കുമെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷമായിരുന്നു കവർച്ച. പ്രദേശത്തുള്ള പ്രതികളിൽ ഒരാളാണ് വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത് വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറിലായിരുന്നു പ്രതികൾ എത്തിയത്. ഇവരുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കാലിനും കൈക്കുമൊക്കെ ബൈജുവിന് പരുക്കേറ്റിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്

Post a Comment

0 Comments